പറവൂര്‍: ഓണമെത്തിയിട്ടും കൂലി ലഭിക്കാതെ തദ്ദേശ സ്ഥാപനങ്ങളിലേയും നഗരസഭകളിലേയും തൊഴിലാളികള്‍. ഈ മാസം 17ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ക്ക് 16.20 കോടി അനുവദിച്ചിരുന്നു. ഇതില്‍ പറവൂര്‍ നഗരസഭയ്ക്ക് 30 ലക്ഷം രൂപയാണ് അനുവദിച്ചത്. പിന്നീട് പുറത്തുവന്ന ഉത്തരവില്‍ 16.20 കോടിയുടെ ഫണ്ട് 4.20 കോടിയാക്കി കുറച്ചു. ഇത് പ്രകാരം നഗരസഭയ്ക്ക് അനുവദിച്ച തുക 7.50 ലക്ഷം രൂപയാക്കി. എന്നാല്‍, ധനസഹായം ഉത്തരവില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
194 തൊഴിലുറപ്പ് തൊഴിലാളികളാണ് പറവൂര്‍ നഗരസഭയിലുള്ളത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങിളിലായി 130 തൊഴില്‍ ദിനങ്ങളുടെ കൂലിയാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലാണ് തൊഴിലാളികള്‍.
ഏപ്രില്‍ ഒന്ന് മുതല്‍ 313ല്‍ നിന്ന് 331രൂപയായി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഉയര്‍ത്തി ഉത്തരവ് ഇറക്കിയിട്ടുണ്ട്. 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് ഓണക്കാല ബത്തയായി 1000 രൂപ വീതം നല്കാന് തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയര്പേഴ്സന് ബീന ശശീധരന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ 267 കോടിരൂപ തൊഴിലുറപ്പ് പദ്ധതിയില്‍ സാധന സാമഗ്രികള്‍ വിതരണം ചെയ്ത ഇനത്തില്‍ അനുവദിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഇതില്‍ സംസ്ഥാനത്തിന്റെ വിഹിതം 25 ശതമാനമാണ്. ഈ തുക അനുവദിച്ചു നല്കാത്തതിനാല് വിതരണ ഏജന്‍സികള്‍ക്കും വിതരണക്കാര്‍ക്കും തുക ലഭ്യമായിട്ടില്ല. സംസ്ഥാനത്തിന്റെ വിഹിതമായ ഏകദേശം 70 കോടി നിക്ഷേപിച്ചാല്‍ മാത്രമേ ഈ തുക പിന്‍വലിക്കാനാകൂ. ഈ സാഹചര്യത്തില്‍ വിതരണക്കാരും വിതരണ ഏജന്‍സികളും ദുരിതത്തിലാണ്.