എറണാകുളം റൂറല്‍ ജില്ലയില്‍ പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച എഴുനൂറോളം പേര്‍ക്കെതിരെ നടപടി. ഇതില്‍ 142 പേര് അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചവരാണ്. റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക്. കുമാറിന്റെ നേതൃത്വത്തില്‍ ആലുവ, പെരുമ്പാവൂര്‍, പുത്തന്‍ കുരിശ്, മൂവാറ്റുപുഴ, മുനമ്പം സബ് ഡിവിഷനുകളില്‍ പ്രത്യേകം സ്ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന.
അനധികൃത മദ്യവില്‍പ്പന, പൊതുസ്ഥലങ്ങളില്‍ മദ്യപാനം തുടങ്ങിയ കേസുകള്‍ക്ക് 61 പേര്‍ക്കെതിരെയും, നിരോധിത പുകയില ഉല്പന്നങ്ങള് ഉപയോഗിച്ചതിന് 29 പേര്‍ക്കെതിരെയും, മയക്ക് മരുന്ന് ഉപയോഗത്തിന് 23 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വിവിധ കേസുകളില്‍ വാറന്റ് പുറപ്പെടുവിച്ചിട്ടും മുങ്ങിനടന്ന 21 പേരെ അറസ്റ്റ് ചെയ്തു. എന്‍.ഐ.എ വാറണ്ടുള്ള 7 പേരും, ഫാമിലി കോര്‍ട്ടില്‍ നിന്നും വാറണ്ടുള്ള 4 പേരും പിടിയിലായി. അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാപ്പ പ്രകാരം നാടുകടത്തപ്പെട്ടവര്‍ ഉത്തരവ് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തി. ഇത്തരം 15 പേരെക്കുറിച്ചായിരുന്നു ചെക്കിംഗ്.
കെ.ഡി, ഡി.സി ,റൗഡി ഹിസ്റ്ററി ഷീറ്റ് തുടങ്ങിയവയില്‍ ഉള്‍പ്പെട്ട 335 പേരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. ഹോട്ടല്‍, ലോഡ്ജ് ഉള്‍പെടെ 217 ഇടങ്ങളിലും, തീവണ്ടികളിലും, സ്ഫോടക വസ്തു സൂക്ഷിക്കാന്‍ ലൈസന്‍സുള്ള സ്ഥാപനങ്ങളിലും പരിശോധന ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ്.പി വിവേക് കുമാര്‍ പറഞ്ഞു.