കാലത്തിനനുസരിച്ചുള്ള മാറ്റം സപ്ലൈകോയിലും കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ അനിൽ. സപ്ലൈകോയുടെ 48-ാം സ്ഥാപക ദിനാഘോഷവും സപ്ലൈകോ റിസര്ച്ച് & ട്രെയിനിംഗ് അക്കാദമിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന കാലഘട്ടിത്തിലൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. അതനുസരിച്ച് പൊതുവിതരണ സംവിധാനവും കൂടുതൽ മെച്ചപ്പെടണം. നിലവിലെ സാഹചര്യത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം വിജയകരമായി മുന്നോട്ട് കൊണ്ടുപോവുക എന്നത് എളുപ്പമല്ല. സപ്ലൈകോയെ പോലെ
ജനങ്ങളുടെ നിത്യജീവതുമായി ഇത്രയധികം ബന്ധപ്പെട്ട് നിൽക്കുന്ന മറ്റൊരു പ്രസ്ഥാനമില്ല. ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിലേക്ക് സേവനങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
അൻപതാം സപ്ലൈകോ സ്ഥാപക ദിനം മുന്നിൽ കണ്ട് അടിമുടി മാറ്റങ്ങളാണ് വകുപ്പിൽ നടത്താനുദ്ദേശിക്കുന്നത്. ജീവനക്കാരും, മാനേജ്മെന്റും, നേതൃത്വവും ഒരേ മസ്സോടെ മുന്നോട്ട് പോയാലെ അതിന് സാധിക്കൂ. ഘട്ടം ഘട്ടമായിട്ടാണ് മാറ്റങ്ങൾ കൊണ്ടു വരുന്നത്. വിവരസാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിച്ച് സുതാര്യതയും കൃത്യതയും ഒരുക്കിവരുകയാണ്. ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കിയേ മുന്നോട്ട് പോകൂ. മുകൾതട്ടിൽ മുതൽ താഴെ തട്ടിൽ വരെയുള്ള ഉദ്യോഗസ്ഥർ തങ്ങളുടേതായ ക്രിയാത്മക സംഭാവനകൾ സ്ഥാപനത്തിന് നൽകണം. സ്വന്തം സ്ഥാപനമാണെന്ന ചിന്തയിൽ ജീവനക്കാർ പ്രവർത്തിക്കണം. കൂട്ടായ പ്രവർത്തനമാണ് ഒരു സ്ഥാപനത്തിന്റെ വിജയം. ജീവനക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങളും നിർദേശങ്ങളും കൃത്യമായി പഠിച്ച് വേണ്ട നടപടികൾ സ്വീകരിച്ചാണ് മന്ത്രി എന്ന നിലയിൽ താൻ നീങ്ങുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്ര കാര്യലയത്തിൽ നടന്ന ചടങ്ങിൽ
സപ്ലൈകോ ചെയർമാനും എം.ഡിയുമായ സഞ്ജീബ് പട്ജോഷി അധ്യക്ഷത വഹിച്ചു. സപ്ലൈകോ ജനറൽ മാനേജർ ബി.അശോകൻ, അഡീഷണൽ ജനറൽ മാനേജർ ആർ.എൻ സതീഷ് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.
ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും അറിവും നൽകുക എന്നതാണ് സപ്ലൈകോ റിസർച്ച് & ട്രെയിനിംഗ് അക്കാദമികൊണ്ട് ഉദ്ദേശിക്കുന്നത്.
സപ്ലൈകോയുടെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പൈലറ്റ് ഇ. ആർ.പി (entrepreneurship resource planning) പ്രോജക്ടും , ജീവനക്കാരുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തിയ
ഡിജിറ്റൽ മാഗസിനും, വകുപ്പിലെ നിയമ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനും ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ പുതിയ തീം സോങും അദ്ദേഹം പുറത്തിറക്കി.
എറണാകുളം മേഖലയിലെ മികച്ച വില്പനശാലയ്ക്കുള്ള പുരസ്കാരം സപ്ലൈകോ ഹൈപ്പർ മാർക്കറ്റ് ഗാന്ധിനഗറിന് മന്ത്രി സമ്മാനിച്ചു. സപ്ലൈകോ ദിനം പ്രമാണിച്ച് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള പുരസ്കാരവും ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യഭ്യാസ അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.