പെരുമ്പാവൂര്‍: ജന ജീവിതത്തില്‍ മാറ്റം വരുത്തുന്ന പദ്ധതി എല്ലാവരെയും യോജിപ്പിച്ചു നടപ്പിലാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആലുവ, പെരുമ്പാവൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മ്മിച്ച പാറപ്പുറം – വല്ലം കടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പാറപ്പുറം – വല്ലം കടവ് പാലം യാഥാര്‍ത്ഥ്യമായത്. 289.45 നീളത്തിലും 10 മീറ്റര്‍ വീതിയിലുമായി മികച്ച രീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എം.സി റോഡിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന പാലം കിഴക്കന്‍ മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് തിരക്കേറിയ കാലടി ടൗണ്‍ ഒഴിവാക്കി യാത്ര ചെയ്യുന്നതിന് സൗകര്യം ഒരുക്കും. ഇടുക്കി – കോട്ടയം ജില്ലകളില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പവഴിയായി പാലം മാറും. എറണാകുളം ജില്ലക്കുള്ള ഓണസമ്മാനമാണ് പാറപ്പുറം – വല്ലം കടവ് പാലമെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് അഞ്ചു വര്‍ഷംകൊണ്ട് നൂറു പാലങ്ങള്‍ എന്ന ലക്ഷ്യം നേടാനാണ് തീരുമാനിച്ചത്. മൂന്നുവര്‍ഷം കൊണ്ട് തന്നെ 50 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. നിര്‍മ്മാണത്തില്‍ ഇരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതി മാസത്തില്‍ ഒരുതവണ ചര്‍ച്ച ചെയ്യാന്‍ സമിതി യോഗങ്ങള്‍ നടക്കുന്നുണ്ട്. ഈ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ 69 പാലങ്ങളാണ് സംസ്ഥാനത്ത് ഒട്ടാകെ 2021 മേയ് മാസത്തിനുശേഷം പൂര്‍ത്തിയായിരിക്കുന്നത്. 2024 ഓടെ നൂറ് പാലങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ മാതൃകയില്‍ പാലങ്ങളെ ദീപാലംകൃതമാക്കാനും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആക്കാനുമുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പൈലറ്റ് പദ്ധതിയായി ദീപാലംകൃതമാക്കുന്നതിന് ആലുവ മണപ്പുറത്തെ നടപ്പാലവും, കോഴിക്കോട് ഫാറൂഖ് പഴയ പാലവും തിരഞ്ഞെടുത്തിട്ടുണ്ട്. പാലങ്ങളുടെ താഴെയുള്ള സ്ഥലങ്ങള്‍ പൊതുവിടങ്ങള്‍ ആക്കി മാറ്റുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും ഇതിനായുള്ള പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു, ബെന്നി ബഹനാന് എം.പി മുഖ്യാതിഥിയായി അന്‍വര്‍ സാദത്ത് എം.എല്‍.എ സ്വാഗതം പറഞ്ഞു.
മുന്‍ എം.എല്‍.എ സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്റ് ലിമിറ്റഡ് ചെയര്മാന് ബാബു ജോസഫ്, ബാംബു കോര്പ്പറേഷന് ചെയര്മാന് ടി.കെ മോഹനന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, പെരുമ്പാവൂര്‍ നഗരസഭ ചെയര്മാന് ബിജു ജോണ്‍ ജേക്കബ്, വൈസ് ചെയര്‍പേഴ്സണ്‍ ബീവി അബൂബക്കര്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, വൈസ് പ്രസിഡന്റ് പി.കെ സിന്ധു, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്, വൈസ് പ്രസിഡന്റ് കെ.എന്‍ കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി അഭിജിത്ത്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ജെ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.