മൂവാറ്റുപുഴ: കൊച്ചി-ധനുഷ് കോടി ദേശീയപാത (എന്‍.എച്ച്.86) യില്‍ നിന്ന് ആരംഭിക്കുന്ന, മൂവാറ്റുപുഴ -തേനി അന്തര്‍ സംസ്ഥാന പാതയില്‍ നടക്കുന്ന ചാലിക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മാണം അശാസ്ത്രീയമാണന്ന്, കിഴക്കേക്കര – രണ്ടാര്‍ പ്രദേശത്തെ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ-സാമൂഹുസംഘടന നേതാക്കളുടെയും യോഗം ആരോപിച്ചു. റോഡ് നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാര്‍, 20 മുതല്‍ 27 മീററര്‍ വരെ വീതിയില്‍ പൊന്നും വിലക്കെടുത്ത സ്ഥലം പൂര്‍ണ്ണമായി വിനിയോഗിക്കാതെ ഭാഗികമായിട്ടാണ് റോഡ് നിര്‍മ്മിക്കുന്നതെന്ന് യോഗം കുററപ്പെടുത്തി.
മൂവാറ്റുപുഴ നഗരത്തിലെ രൂക്ഷമായ ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും പ്രയോജനപ്പെടുത്താവുന്ന മാര്‍ഗ്ഗമാണ് അധികാരികളുടെ നിരുത്തരവാദിത്വം മൂലം നഷ്ടപ്പെടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. റോഡിന് അതൃത്തി കല്ലുകള്‍ സ്ഥാപിക്കാത്തതും, സംരക്ഷണഭിത്തി നിര്‍മ്മിക്കാത്തതും, അശാസ്ത്രീയമായ മീഡിയനും ഗുരുതരമായ വീഴ്ചകളാണെന്ന് യോഗം കുറ്റപ്പെടുത്തി. റോഡിന് ഇരുവശത്തും ഓടകളും, ഫുട്പാത്തും നിര്‍മ്മിക്കണമെന്നും, പൊടിശല്യം നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
2018 ല്‍ തയ്യാറാക്കിയ ഡി.പി.ആര്.പ്രകാരം ടെണ്ടര്‍ ചെയ്ത റോഡു് വര്‍ക്കിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ഡോ.മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് മന്ത്രിയേയും, കെ.എസ്.ടി.പി. ഡയറക്ടറേയും നേരില്‍ കാണുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ ചുമതലപ്പെടുത്തി. മൂവാറ്റുപുഴ കാവ് ഭഗവതി ക്ഷേത്രം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ വികസന സമിതി ചെയര്മാന് അജി മുണ്ടാട്ട് അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ് കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൈല ഹനീഫ, മുന്‍ കൗണ്‍സിലര്‍മാരായ കെ.എം.അബ്ദുല്‍ മജീദ്, സി.എം. സീതി, കെ.എ.അബ്ദുല്‍ സലാം, സി.എം.ഷുക്കൂര്‍, ക്ഷേത്ര ട്രസ്റ്റി ശിവദാസന്‍ നമ്പൂതിരി, മങ്ങാട്ട് മഹല്‍ പ്രസിഡന്റ് കെ.എം.മുസ്തഫ കമാല്‍, സെക്രട്ടറി സമദ് മലേക്കുടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.യു.പ്രസാദ്, എന്‍.പി.ജയന്, എന്‍.യു.ലാലു, ബിനു മോന് മണിയംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കിഴക്കേക്കര – രണ്ടാര്‍ വികസന സംരക്ഷണ സമിതിയും യോഗം രൂപീകരിച്ചിട്ടുണ്ട്.