തൃക്കാക്കര നഗരസഭയിലെ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാതെ തള്ളി. കൗണ്‍സില്‍ യോഗത്തില്‍ ക്വാറം തികയാത്തത് കൊണ്ടാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ സാധിക്കാത്തത്. 43 അംഗ കൗണ്‍സിലില്‍ പങ്കെടുത്തത് 18 പേരാണ്. വേണ്ടത് 22 പേരായിരുന്നു.
ഓണസമ്മാനത്തിനൊപ്പം പണം നല്‍കിയെന്ന വിവാദത്തിന് പിന്നാലെയാണ് ത്യക്കാക്കര നഗരസഭ ചെയര്‍ പേഴ്സണ്‍ അജിത തങ്കപ്പെനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്. അതേസമയം വിമത ഭീഷണി ഉയര്‍ത്തിയ മൂന്ന് മുസ്ലീം ലീഗ് അംഗങ്ങളെ ഉള്‍പ്പെടെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിനായി.
മുന്നണിയിലെ തര്‍ക്കങ്ങള്‍ തൃക്കാക്കരയില്‍ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന നിലയിലെത്തിയതോടെ പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസ് എറണാകുളം ജില്ലാ നേതൃത്വം തന്നെ രംഗത്ത് എത്തുകയായിരുന്നു. ത്യക്കാക്കര നഗരസഭ ചെയര്‍ പേഴ്സണ്‍ അജിത തങ്കപ്പെനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാനിരിക്കെ സമ്മര്‍ദ നീക്കം എന്ന നിലയിലായിരുന്നു മുസ്ലീം ലീഗിലെ ഒരു വിഭാഗം രംഗത്തെത്തിയത്. അഞ്ച് അംഗങ്ങളാണ് തൃക്കാക്കരയില്‍ മുസ്ലീംലീഗിനുള്ളത്. ഇതില്‍ മൂന്ന് പേരാണ് വിമത സ്വരം ഉയര്‍ത്തി രംഗത്ത് എത്തിയത്. ലീഗ് വിളിച്ച് ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഈ മൂന്ന് പേര് വിട്ടു നിന്നിരുന്നു. നഗരസഭയില്‍ സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം വേണമെന്നാണ് ലീഗ് അംഗങ്ങളുടെ ആവശ്യം. മുനിസിപ്പാലിറ്റിയില്‍ മുന്നണി സംവിധാനം പ്രതിസന്ധി നേരിടുമ്പോള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ലീഗിലെ വിമത നീക്കം എന്നാണ് വിലയിരുത്തല്‍
പ്രമേയം പാസാകുന്നതിന് 22 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമുള്ളത്. 18 പേരാണ് പ്രമേയത്തെ പിന്താങ്ങുന്നത്. ഇതില്‍ 17 പേര് എല്‍ഡിഎഫ് അംഗങ്ങളും. ഒരാള്‍ യുഡിഎഫ് സ്വതന്ത്രനുമാണ്. 43 അംഗങ്ങളുള്ള നഗരസഭയില്‍ 21 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇതില്‍ 4 പേര് കോണ്‍ഗ്രസ് വിമതന്മാരായി വിജയിച്ച് വന്നവരാണ്. ഇവര്‍ക്ക് വിപ്പ് ബാധകമായിരിക്കില്ല. 18 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിന്.