ഒട്ടേറെ ചര്‍ച്ചകള്‍ക്കും നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും വേദിയായിരുന്ന പുരാതനമായ മുവാറ്റുപുഴ അതിഥി മന്ദിരം പഴങ്കഥയാകുന്നു. പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുന്നെ പണികഴിപ്പിച്ച പഴയ മന്ദിരവും 50 കൊല്ലം മുന്‍പ് പുതുക്കിപണിത പുതിയ കെട്ടിടവുമാണ് പൊളിച്ചു തുടങ്ങിയത്.
കീഴക്കന്‍ മേഖലയിലെ ആദ്യ സര്‍ക്കാര്‍ അതിഥി മന്ദിരമായ ഇവിടെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഇ എംഎസ്, സി. അച്യുതമേനോന്, കെ.കരുണാകരന്, എ കെ. ആന്റണി, പി കെ . വാസുദേവന്‍ നായര്‍ , സി. എച്ച്. മുഹമ്മദ് കോയ , അച്യുതാനന്ദന് , ഉമ്മന്‍ ചാണ്ടി എന്നിവരുടെയും മന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയ മത നേതാക്കളുടെയും ഇടത്താവളമായിരുന്നു മന്ദിരം. കമ്മ്യൂണിസ്റ്റ് ആചാര്യന് എ കെ ഗോപാലനും (എ കെ ജി), ഭാര്യ സുശീല ഗോപാലനും ഇവിടെ ദിവസങ്ങളോളം താമസിച്ചിരുന്നതായി അന്നത്തെ ജൂനിയര്‍ എഞ്ചിനിയറായിരുന്ന എ.മമ്മി (അറയ്ക്കല്‍ ) പറഞ്ഞു..
ഇവിടെ 5 കോടി രൂപ ചിലവില്‍ പുതിയ അത്യാധുനിക മന്ദിരം ഉയരും. മൂന്നു നിലകളിലായാണ് പുതിയ അഥിതി മന്ദിരം ഉയരുക. താഴെ രണ്ടു നിലകളിലായാണ് മുറികളും ഒരുക്കുക. താഴത്തെ നിലയില്‍ സ്യൂട്ട് റൂമടക്കം 3 മുറികളുണ്ടാവും. അടുക്കളയും ഡൈനിംഗ് ഹാളും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുക. പ്രത്യേക പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് നിര്‍മ്മാണം. മൂന്നാം നിലയില്‍ വലിയ കോണ്‍ ഫറന്സ്ഹാള് നിര്‍മ്മിക്കും. ലിഫ്റ്റടക്കം രണ്ടു നിലകളിലായി 11 മുറികളുണ്ടാവും. 5 കോടി രൂപ ചിലവില്‍ രണ്ടു നിലകളാണ് ഇപ്പോള്‍ നിര്‍മ്മിക്കുക.
പുതിയ അതിഥി മന്ദിരം പണിയുന്നതിന് തയ്യാറാക്കിയ പ്ലാനിലും ഡിസൈനിലും മാത്യു കുഴല്നാടന് എം എല്‍ എയുടെ നിര്‍ദേശപ്രകാരം ഭേദഗതികള്‍ വരുത്തി പുതിയ ഡിസൈനിലാണ് മന്ദിരം നിര്‍മ്മാണം. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി , ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.