മൂവാറ്റുപുഴ: വേനല്‍ ശക്തമായതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജല ക്ഷാമം രുക്ഷമായി. പായിപ്ര പഞ്ചായത്തിലെ തട്ടുപറമ്പ് ,ഒഴുവുപാറ, വത്തിക്കാന്‍ സിറ്റി, കവാട്ടുമുക്ക്, മാനാറി, തേരാപ്പാറ, എന്നിവിടങ്ങളിലും, മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ മണിയന്ത്രം, ചക്കിട്ടപാറ, രണ്ട്പ്ലാക്കല്പ്പാറ എന്നീ ഭാഗത്തും, വാളകം പഞ്ചായത്തിലെ ശക്തി പുരം, അഞ്ചും കവല, റാക്കാട് പ്രദേശത്തും,ആവോലി പഞ്ചായത്തിലെ നടുക്കര, നെല്ലിപ്പിള്ളി ലക്ഷം വീട് കോളനി, ചെങ്ങറ കോളനി, ഉതുവേലി തണ്ട് sc കോളനി എന്നിവിടങ്ങളില്‍ കൃത്യമായി ജലവിതരണം നടക്കുന്നില്ല.
നഗരസഭ പരിധിയില്‍ ഓലിപ്പാറ കോളനി, ശാസ്താംകുടി, ആനിക്കുടി, കുര്യന്മല, വളക്കുഴി, സംഗമം കവല, പുളിയന്‍ കണ്ടത്തികുടി പ്രദേശങ്ങളിലും ജലവിതരണം ഫലപ്രദമല്ല. ലക്ഷം വീട്, എസ്.സി. കോളനികള്‍ എന്നിവിടങ്ങളിലേക്കും, ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിന് തടസ്സമാകുന്ന ഉയര്‍ന്ന സ്ഥലങ്ങളില്‍ താമസിക്കുന്ന ഭവനങ്ങളിലെയും ആളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചു. ജലജീവന്‍ മിഷന് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെങ്കിലും നിലവിലുള്ള കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല.
വേനല്‍ കൂടിയതോടെ വിവിധ ഇടങ്ങളിലുള്ള പ്രാദേശിക കുടിവെള്ള പദ്ധതികളുടെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജലക്ഷാമം ഉള്ള ഇടങ്ങളില്‍ ശുദ്ധജലം ടാങ്കറുകളില്‍ എത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍ എം.എല്‍.എ.എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു .ധന സ്ഥിതി നോക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തനത് ഫണ്ട് ഉപയോഗിച്ച് ജലവിതരണം നടത്താന്‍ കളക്ടര്‍ അനുമതി നല്‍കണം. സര്‍ക്കാര്‍ ധനസഹായം നല്കി താലൂക്കുകള്‍ വഴി ജലവിതരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും മുന്‍.എം.എല്‍ എ എല്‍ദോ എബ്രഹാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.