മൂവാറ്റുപുഴ: കിഴക്കേക്കര ആശ്രമം കുന്നിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് പുതിയ കുടിവെള്ള പദ്ധതിയ്ക്ക് രൂപം നല്കുന്നു. ഇതിനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25-ലക്ഷം രൂപ പദ്ധതിയ്ക്കായി അനുവദിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
മൂവാറ്റുപുഴ നഗരസഭയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ കിഴക്കേക്കര ആശ്രമം കുന്നിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതോടെ താല്‍ക്കാലിക സംവിധാനമൊരുക്കുകയാണ് പതിവ്. എന്നാല്‍ താല്‍ക്കാലിക സംവിധനങ്ങളും പരാജയമായതോടെയാണ് ആശ്രമം കുന്നിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യമുയര്‍ന്നത്. ഇതിനായി മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റ് മെന്റ് പ്ലാന്റില്‍ നിന്നും പുതിയ മോട്ടോര്‍ സ്ഥാപിച്ച് പംമ്പിംഗ് ലൈനും സ്ഥാപിച്ച് ആശ്രമം കുന്നില്‍ സ്ഥാപിക്കുന്ന ടാങ്കില്‍ വെള്ളമെത്തിച്ച് നിലവിലെ ജല വിതരണ പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇതിനായി ആശ്രമം കുന്നില്‍ 20.000-ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കും. പദ്ധതി പൂര്‍ത്തീകരണ കാലയളവില്‍ പ്രദേശത്ത് കാര്‍ക്ക് കുടിവെള്ള വിതരണത്തിനായി വാഹനത്തില്‍ വെള്ളമെത്തിക്കും. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥലപരിശോധനയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, വൈസ് ചെയര്മാന് പി.കെ.ബാബുരാജ്, കെ.യു.പ്രസാദ്, എന്‍.ജി.ലാലു, എ.കെ.അയ്യൂബ്, അമല രതീഷ് ചന്ദ്രന്, കെ.രാധാകൃഷ്ണന്, സജി ചാത്തംകണ്ടം, എം.എസ്.രഘുനാഥ്, കെ.കൊന്താലം, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ആശ്രമം കുന്നില്‍ സന്ദര്‍ശനം നടത്തി.