കാക്കൂര്‍ കാളവയല്‍ കാര്‍ഷികമേളയോടനുബന്ധിച്ച് തിരുമാറാടി കുടുംബശ്രീ സിഡിഎസിന്റെ (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) വാര്‍ഷികം സംഘടിപ്പിച്ചു. വാര്‍ഷികവും കാക്കൂര്‍ കാളവയല്‍ കാര്‍ഷിക പ്രദര്‍ശനവും അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സമസ്ത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ട് സ്ത്രീകളുടെ മുന്നേറ്റമായാണ് കുടുംബശ്രീ കടന്നുവന്നതെന്ന് എം.എല്‍.എ പറഞ്ഞു. കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. മറ്റു സംസ്ഥാനങ്ങള്‍ പോലും കുടുംബശ്രീയുടെ പ്രവര്‍ത്തനം മനസിലാക്കാനെത്തുന്നു. അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കുടുംബശ്രീയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യാതിഥിയായി. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ സ്ത്രീകള്‍ ഇടപെടാന്‍ ധൈര്യം കാട്ടിയതോടെ നാടിന്റെ മുഖച്ഛായ തന്നെ മാറിയെന്ന് കളക്ടര്‍ പറഞ്ഞു. സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും ഉള്ള കരുത്ത് സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. തിരുമാറാടി ടാഗോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോള്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം. ജോര്‍ജ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.