കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചിമകൊച്ചിയിലും സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കുടിവെള്ളമെത്തിക്കുന്നതിനും വിതരണം സുഗമമാക്കുന്നതിനും നടപടി. നിലവില്‍ ടാങ്കര്‍ ലോറികളില്‍ കൂടി വെള്ളം എത്തിക്കുന്നുണ്ട് എങ്കിലും ചില ഇടങ്ങളില്‍ വലിയ ടാങ്കറുകള്‍ക്ക് കടന്നു
ചെല്ലാനാവാത്തതു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുടിവെള്ള വിതരണം അപര്യാപ്തമായ സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കൂടുതല്‍ ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ എറണാകുളം, മുവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 65 പ്രകാരമാണ് ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉത്തരവിട്ടിരിക്കുന്നത്. ചെറിയ ടാങ്കറുകളുടെ അഭാവത്തെ തുടര്‍ന്ന് ഇടറോഡുകളില്‍ വെള്ളമെത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
ടാങ്കറുകള്‍ പിടിച്ചെടുക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ പോലീസ് നല്‍കും. പിടിച്ചെടുക്കുന്ന ടാങ്കറുകള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറും. ഏറ്റെടുക്കുന്ന വാഹനങ്ങള്‍ മരടിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനിലെത്തിക്കും. വാഹനമെറ്റെടുക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന് ചുമതല നല്‍കും. ഇതിനായി പോലീസ് സഹായവും ലഭ്യമാക്കും. ഏറ്റെടുക്കുന്ന വാഹനവും ഡ്രൈവറും വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുന്ന ദിവസം വരെ കുടിവെള്ള വിതരണത്തിനായി ഹാജരാകണം. അല്ലാത്തപക്ഷം ദുരന്ത നിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കും. വാഹനത്തിന്റെ വാടക, ഡ്രൈവറുഡടെ വേതനം എന്നിവ വാട്ടര്‍ അതോറിറ്റി വഹിക്കും.
പശ്ചിമകൊച്ചിയിലെ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഫോര്‍ട്ടു കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം സജ്ജമാക്കും. കണ്ട്രോള് റൂമില്‍ ടാങ്കര്‍ ഉടമ അസോസിയേഷന് പ്രതിനിധികള്‍, പോലീസ്, റവന്യൂ, വാട്ടര്‍ അതോറിറ്റി, ആര്‍ടിഒ വകുപ്പ് ഉദ്യോസ്ഥരുണ്ടാകും. ആലുവയിലെ ജലശുദ്ധീകരണശാലയില്‍ നിന്നെത്തിക്കുന്ന വലിയ ടാങ്കറുകളിലെ വെളളം പശ്ചിമകൊച്ചിയിലെ ഉള്‍ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ കണ്ട്രോള് റൂമില്‍ നിന്ന് ഏകോപിപ്പിക്കും.
തോപ്പുംപടിയിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ കുടിവെള്ളവുമായി കടന്നു പോകുന്ന ടാങ്കറുകളുടെ വിവരങ്ങള്‍ ശേഖരിക്കും. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ച് അതത് തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ തയാറാക്കി സൂക്ഷിക്കാനും കളക്ടര്‍ നിര്‍ദേശം നല്കി. കുടിവെള്ള വിതരണവുമായി പൂര്‍ണമായി സഹകരിക്കും എന്ന് ടാങ്കര്‍ ഓണേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ദുരന്ത നിവാരണം, വാട്ടര്‍ അതോറിറ്റി, ആര്‍ടിഒ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളും ടാങ്കര്‍ ഉടമ അസോസി യേഷനും യോഗത്തില്‍ പങ്കെടുത്തു.