ന്യൂഡല്‍ഹി: ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ച പ്രാര്‍ഥനക്കിടെ താഹിര്‍പുരില്‍ സിയോണ്‍ പ്രാര്‍ഥനാ ഭവനിലാണ് അതിക്രമം നടന്നത്.
വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നതിനിടെ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ എത്തി മുദ്രാവാക്യം വിളിച്ചതായും അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയതായും ജി.ടി.ബി. എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സുരക്ഷ പരിഗണിച്ച് പള്ളിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ചര്‍ച്ചിനടുത്തുള്ള സുരക്ഷാ ക്യാമറകള്‍ പരിശോധിച്ച് മറ്റാളുകളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, പ്രതിഷേധവുമായി നൂറിലധികം ബജ്റംഗ്ദള്‍, ആര്.എസ്.എസ്., വി.എച്ച്.പി. പ്രവര്‍ത്തകര്‍ ജി.ടി.ബി. പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. പള്ളി അധികൃതര്‍ നല്കിയ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചത്.