മുവാറ്റുപുഴ: മുനിസിപ്പല്‍ ബില്‍ഡിങ്ങുകളുടെ വാടക നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. മുറികളുടെ വാടക പി.ഡബ്ല്യു.ഡി. നിരക്കിലേക്ക് ഉയര്‍ത്തിയ കൗണ്‍സില്‍ തീരുമാനം മൂന്നുമാസത്തേക്ക് നടപ്പാക്കില്ലെന്ന് ചെയര്മാന് പി.പി. എല്‍ദോസ് അറിയിച്ചു. വര്‍ദ്ധനവടക്കമുള്ള തീരുമാനങ്ങളില്‍ മര്‍ച്ചന്‍സ് അസോസിയേഷന്, മറ്റ് വ്യാപാരി സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുവാന്‍ ചെയര്‍മാന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഇതോടെ മര്‍ച്ചന്റ് അസോസിയേഷന് നടത്തിയ രാപ്പകല്‍ സമരം അവസാനിപ്പിച്ചു,
ചെയര്മാന്ന്റെ വാക്കുകള്‍
നിരക്ക് വര്‍ധന പുനഃപരിശോധിക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും വ്യാപാരി സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് ചെയര്മാന് വ്യക്തമാക്കി. വര്‍ധിപ്പിച്ച വാടക തിരക്കില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും.എന്നാല്‍ ചെറിയ വാടകയ്ക്ക് നഗരസഭയില്‍ നിന്ന് ലേലം കൊണ്ട് വന്‍ വാടകയ്ക്കും വിലക്കും മറിച്ചു നല്കിയ മുറി ഉടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. ഇവരെ കണ്ടെത്തി മുറികള്‍ നഗരസഭ തിരിച്ചുപിടിച്ച് വീണ്ടും ലേലം ചെയ്യുമെന്നും ചെയര്മാന് പറഞ്ഞു.നഗരത്തിലെ ചെറുതും വലുതുമായ വ്യാപാരികളുടെ താല്പര്യങ്ങള് ഹനിക്കാന്‍ നഗരസഭക്ക് ഉദ്ദേശമില്ല. എല്ലാ കാലത്തും ഈ വിഭാഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിച്ചിട്ടുള്ളത്.
വാടകവര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി നഗരസഭാ മാര്‍ച്ചടക്കമുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തുവന്നു. വിവിധ മേഘലകളിലെ എതിര്‍പ്പ് ശക്തമായതോടെയാണ് ഇന്ന് ചര്‍ച്ച നടന്നത്.