ആലുവ : ആലുവയുടെ വികസനം സ്വപനം കണ്ട മിഴികളടഞ്ഞു. ഷെൽന നിഷാദിന്റെ നിര്യാണത്തിൽ വ്യവസായ മന്ത്രി പി.രാജിവ് , അൻവർ സാദത്ത് എം.എൽ.എ. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ തുടങ്ങി സമൂഹത്തിലെ പ്രമുഖരാണ് ഇടക്കാലത്ത് കൊഴിഞ്ഞ സുവര്‍ണ പുഷ്പത്തിന് അശ്രുപൂക്കള്‍ അര്‍പ്പിക്കാൻ എത്തിയത്. മുൻ കോണ്‍ഗ്രസ് എം.എൽ.എ. മുഹമ്മദാലിയുടെ മരുമകളായി ആലുവയിലെത്തി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി വന്ന ഷെൽനയ്ക്ക് ആലുവയുടെ വികസനങ്ങളെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അത് ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.
കോൺഗ്രസ് നേതാവ് കെ. മുഹമ്മദാലിയുടെ മരുമകളായ ഷെൽന ഇടതുപക്ഷ സ്ഥാനാർഥിയായി എത്തിയിട്ടും ആലുവയിലെ അണികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച മത്സരം കാഴ്ചവെക്കാൻ ഷെൽനയ്ക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സി.പി.എം. പാർട്ടി അംഗമായി സേവനപാതയിൽ ഷെൽന ഉറച്ചുനിന്നു.
പിതാവ് എം.വി. ഹുസൈന് ദുബായിലായിരുന്നു ജോലി. അതിനാല്‍
ദുബായിലായിരുന്നു ഷെൽനയുടെ സ്കൂൾ വിദ്യാഭ്യാസം.പത്തും പ്ലസ്ടുവും തൃശ്ശൂരിലെ ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിറിൽ. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ നിന്ന് 2009-ൽ ആർക്കിടെക്ചറിൽ ബിരുദം നേടി. കൊച്ചിയിൽ ജൂനിയർ ആർക്കിടെക്ടായിട്ടായിരുന്നു തുടക്കം. രണ്ടു സ്ഥാപനങ്ങളിൽ ജോലിചെയ്തു.
2011-ൽ എസ്.എൻ. ആർക്കിടെക്ട്സ് എന്ന സ്ഥാപനം ആരംഭിച്ചു. ഭവനസമുച്ചയങ്ങൾ, ഹോട്ടലുകൾ, വാണിജ്യകേന്ദ്രങ്ങൾ, സർക്കാർ പദ്ധതികൾ എന്നിവ രൂപകല്പന ചെയ്യുന്നതിൽ പങ്കാളിയായി. ആർക്കിടെക്ചർ പഠനകേന്ദ്രങ്ങളിൽ വിസിറ്റിങ് ഫാക്കൽറ്റി, മോട്ടിവേഷണൽ സ്പീക്കർ, പരിശീലക തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് അംഗവും ഭാരവാഹിയുമായിരുന്നു. കൊച്ചി മെട്രോ സ്റ്റേഷനുകളുടെ രൂപകല്പനയ്ക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് നിയോഗിച്ച സംഘത്തിൽ അംഗമായിരുന്നു. ഇതിലൂടെ ആലുവ, പുളിഞ്ചോട്, അമ്പാട്ടുകാവ്, മുട്ടം, കുസാറ്റ്, ഇടപ്പള്ളി എന്നീ മെട്രോ സ്റ്റേഷനുകളുടെ രൂപകല്പനയിലും പങ്കുവഹിച്ചു.