എറണാകുളം: ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്. ശ്രീജേഷിന് ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന സ്വീകരണവും പുരസ്കാര സമര്‍പ്പണവും തിങ്കളാഴ്ച നടക്കുമെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. രാവിലെ 10.30ന് പ്രീയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ശ്രീജേഷിനെ ആദരിക്കലും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിക്കും. പി.ടി. തോമസ് എം എല്‍ എ ചടങ്ങില്‍ അദ്ധ്യഷത വഹിക്കും. എം പിമാരായ ഹൈബി ഈഡന് , ബെന്നി ബെഹന്നാന് , പി വി ശ്രീനിജന് എം എല്‍ എ, ജില്ലാ കളക്ടര്‍ ജാഥര്‍ മാലിക് ഐ എ എസ്, മുന്‍ എം എല്‍ എ വി പി സജീന്ദ്രന് എന്നിവര്‍ മുഖ്യ പ്രസംഗങ്ങള്‍ നടത്തും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ്, സ്ഥിരം സമിതി ചെയര്മാന്മാരായ ആശ സനില്‍, റാണിക്കുട്ടി ജോര്‍ജ്ജ്, എം.ജെ.ജോമി, ചെയര്മാന്, .കെ.ജി.ഡോണോ മാസ്റ്റര്‍,തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്.അനില്‍കുമാര്‍, കെ.വി.രവീന്ദ്രന്, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.എ.എം. ബഷീര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്, സംസ്ഥാന സെക്രട്ടറി കെ.ആര്.ജയകുമാര്‍ വിവിധ വകുപ്പു മേധാവികളായ അനിത ഏലിയാസ്, ടീസ ജോസ്, കെ.ജെ.ജോയ്, ഹണി അലക്സാണ്ടര്‍, റ്റി.എന്‍.മിനി, എന്നിവര്‍ സംമ്പന്ധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതവും സെക്രട്ടറി അജി ഫ്രാന്‍സിസ് നന്ദിയും പറയും.
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനമായിരുന്നു. ഒളിംപിക് മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ കോട്ട കാത്ത ശ്രീജേഷിന് രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ഇതിനു പിന്നാലെയാണ് മലയാളികള്‍ക്ക് അഭിമാനമായ പി.ആര്. ശ്രീജേഷിന് എറണാകുളം ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ കഠിനപ്രയത്നത്തിലൂടെയാണ് ശ്രീജേഷ് ഹോക്കിയില്‍ തന്റേതായ ഇടം നേടിയത്. 2000ല്‍ ജൂനിയര്‍ നാഷണല്‍ ഹോക്കി ടീമിലെത്തിയ ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തന്റെ വഴി കണ്ടെത്തി. പത്മശ്രീ പുരസ്കാര ജേതാവായ ശ്രീജേഷ് 2016ല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിംപിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. കളിക്കളത്തിലെ പെട്ടെന്നുള്ള ഇടപെടലുകളും സ്ഥിരതയാര്‍ന്ന പ്രകടനവും ടീമിന്റെ കോട്ടകാക്കുന്ന വിശ്വസ്തനാക്കി ശ്രീജേഷിനെ മാറ്റി. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിര്‍ണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്.