കോതമംഗലം: കൊച്ചി – ധനുഷ്കോടി എന്‍.എച്ച് 85 ല്‍ നേര്യമംഗലത്തെ പുതിയ പാലത്തിന്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൊച്ചി മുതല്‍ മൂന്നാര്‍ വരെ പാതയുടെ നിര്‍മ്മാണപ്രവര്‍ത്തിയില്‍ ഉള്‍പ്പെടുന്നതാണ് നേര്യമംഗലം പാലം.214 മീറ്റര്‍ നീളവും ഇരുവശവും 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11.5 മീറ്റര്‍ വീതിയില്‍, 42.8 മീറ്റര്‍ നീളമുള്ള 5 സ്പാനായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.
പാലത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. നേര്യമംഗലം ഭാഗത്ത് ലാന്റ് അക്വിസിഷനായി 3D വിജ്ഞാപനം പുറപ്പെടുവിച്ചു. തുടര്‍ന്ന് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കും. പട്ടയമില്ലാത്ത ആളുകളുടെ പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് നല്കി്.
1924-ല്‍ തിരുവിതാംകൂര്‍ ഭരണാധികാരി സേതു ലക്ഷ്മി ബായിയുടെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച്, 1935 മാര്‍ച്ച് 2-ന് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ കാലത്ത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത്, ഏറെ ചരിത്ര പ്രധാനമായ പഴയ പാലം നിലനിര്‍ത്തിയാണ് സമീപത്ത് പുതിയ പാലം നിര്‍മ്മിക്കുന്നത്.
കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്കായി 1250 കോടി രൂപയുടെ അനുമതിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്.ചടങ്ങില്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സൈജന്റ് ചാക്കോ, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.