കൊച്ചി: പൊന്നുരുന്നി സ്വദേശി രജിത്തിന്റെ മരുന്ന് തീര്‍ന്നിട്ട് രണ്ട് ദിവസമായി. മുടക്കമില്ലാതെ കഴിക്കേണ്ടതാണ്. മരുന്ന് എത്തേണ്ടത് കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്നും. ആഴ്ചയില്‍ ഒരിക്കല്‍ ചങ്ങനാശ്ശേരിയില്‍ പോയി മരുന്ന് വാങ്ങിയിരുന്ന രജിത്തിന് കോവിഡ്-19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. പകരം സഹോദരന് ബൈക്കില്‍ പോയി മരുന്ന് വാങ്ങിയെങ്കിലും ജില്ല വിട്ട് പോകരുത് എന്ന കര്‍ശന നിയന്ത്രണം വന്നതിനാല്‍ അതും തുടരാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് കേരള ഫയര്‍ ഫോഴ്സ് രജിത്തിന്റെ രക്ഷകനായി എത്തിയത്. രജിത്തിന്റെ ഇളയച്ഛനായ പി.ജി. പ്രദീപന് തന്റെ സുഹൃത്തും കടവന്ത്ര ഫയര്‍ ഫോഴ്സ് സ്റ്റേഷനിലെ സേഫ്റ്റി ബീറ്റ് ഓഫീസറുമായ എസ്. അനില്‍കുമാറുമായി ബന്ധപ്പെട്ടു. അദ്ദേഹം ഉടന്‍ ചങ്ങനാശ്ശേരി ഫയര്‍ സ്റ്റേഷനില്‍ വിളിച്ചു. ചങ്ങനാശ്ശേരി ക്യുവര്‍ സെന്ററിലെ ഡോ. സുബ്രഹ്മണ്യന്റെ കൈയ്യില്‍ നിന്നും മരുന്ന് കൈപ്പറ്റി കോട്ടയം ഫയര്‍ സ്റ്റേഷനില്‍ എത്തിച്ചു. ചങ്ങനാശേരി സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ (ഡി), കെ.എന്‍.സുരേഷ്, സീനിയര്‍ ഓഫീസര്‍ സുരേഷ് എന്നിവരാണ് മരുന്ന് ശേഖരിച്ച് കോട്ടയത്തെത്തിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അവശ്യ മരുന്നുകളുമായി പോയ കടവന്ത്ര ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ മനു പ്രസാദ്, സന്ദീപ് എന്നിവര്‍ കോട്ടയം ഫയര്‍ സ്റ്റേഷനില്‍ നിന്നും മരുന്ന് കൈപ്പറ്റി ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ബീറ്റ് ഓഫീസര്‍ എസ്. അനില്‍കുമാര്‍ മരുന്ന് രജിത്തിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥന് ആണ് രജിത്ത് പി.ആര്. മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നു.