കാക്കനാട് : ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. നെടുമ്പാശേരി ഡിവിഷനില്‍ നിന്നുള്ള എം ജെ ജോമിയാണ് ആരോഗ്യ വിദ്യാഭ്യാസം സമിതി ചെയര്മാന്. വൈപ്പിന്‍ ഡിവിഷനിലെ കെ ജി ഡോണോ മാഷിനെ ക്ഷേമകാര്യ സ്ഥിരം സമിതിയുടേയും പാമ്പാക്കുടയില്‍ നിന്നുള്ള ആശാ സനലിനെ പൊതുമരാമത്ത് സ്ഥിരം സമിതിയുടേയും ചെയര്മാന്മാരായി തെരഞ്ഞെടുത്തു. മൂവരും കോണ്‍ഗ്രസ് അംഗങ്ങളാണ്. വാരപ്പെട്ടി ഡിവിഷനില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് (ജോസഫ് ) അംഗം റാണി കുട്ടി ജോര്‍ജാണ് വികസനകാര്യ സ്ഥിരം സമിതിയുടെ ചെയര്‍പേഴ്സണ്‍. അസിസ്റ്റന്റ് റിട്ടേണിംഗ് ആഫീസറായ എഡിഎം സാബു.കെ ഐസക്കായിരുന്നു വരണാധികാരി.
തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് , ഷൈനി ജോര്‍ജ്ജ്, മനോജ് മൂത്തേടന്, ശാരദാ മോഹന്‍, യേശുദാസ് പറപ്പിള്ളി, എം ജെ ജോമി, കെ ജി ഡോണോ മാഷ്, ആശാ സനല്‍, റാണി കുട്ടി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സീസ്, എക്സികുട്ടീവ് എഞ്ചിനിയര്‍ ടി.എന്‍ മിനി എന്നിവര്‍ സംസാരിച്ചു.