കൊച്ചി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണറുടെ നടപടികള്‍ സ്വാഭാവികമായും പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഗവര്‍ണര്‍ നടത്തുന്നത്. യൂണിവേഴ്സിറ്റികളിലെ സെനറ്റില്‍ ആളുകളെ നോമിനേറ്റ് ചെയ്യുമ്ബോള്‍ ചാന്‍സിലര്‍ എന്ന നിലയ്ക്ക് സ്വീകരിക്കേണ്ട നിലപാടുകളുണ്ട്. യൂണിവേഴ്സിറ്റി നല്‍കാത്ത പേരുകള്‍ എവിടുന്നാണ് ചാന്സിലറുക്ക് കിട്ടിയത്. ഗവര്‍ണര്‍ അനുസരിച്ചത് ആന്എസിസിന്റെ നിര്‍ദേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് യോഗ്യതകളെല്ലാം തളളി ആര്‍എസ്എസ് ആണെന്ന കാര്യം മാത്രം കണ്ടാണ് ഗവര്‍ണര്‍ ആളുകളെ നോമിനേറ്റ് ചെയ്തത്. അക്കാര്യത്തിലാണ് വിദ്യാര്‍ഥികള്‍ ശക്തമായി പ്രതികരിക്കുന്നത്. പ്രതിഷേധിച്ചവരോട് എങ്ങനെയാണ് ഒരു ഗവര്‍ണര്‍ക്ക് ഇത്ര പരുഷമായി പ്രതികരിക്കാനാവുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിലെ ഗവര്‍ണറാണെന്ന കാര്യം മറന്ന് അദ്ദേഹം എന്തൊക്കെയോ വിളിച്ചുപറയുകയാണ്. ഗവര്‍ണറുടെ നടപടികള്‍ രാജ്യം തന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലേക്കെത്തി. ജസ്റ്റീസ് നരിമാനെപ്പോലുള്ളവരുടെ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്.എത്ര അനവധാനതയോടെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എല്ലാവര്ക്കും മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.