കൊച്ചി : ചികിത്സയിലായിരുന്ന പ്രവീണും മരിച്ചു,കളമശ്ശേരി സ്ഫോടനത്തില്‍ മരണം ആറായി.മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്റെ മകൻ പ്രവീണാണ് (26) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ്‍ ചികിത്സയിലായിരുന്നു.
സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ സാലി ഇക്കഴിഞ്ഞ 11ന് ആണ് മരണപ്പെടുന്നത്. സ്ഫോടനം നടന്ന ദിവസം തന്നെ പ്രവീണിന്റെ സഹോദരി ലിബിന കൊല്ലപ്പെട്ടിരുന്നു. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് ഗുരുതരമായി പൊള്ളലേറ്റത്.
ഇതോടെ കളമശേരി സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ മരണത്തിന് കീഴടങ്ങി. സ്ഫോടനത്തെ തുടര്‍ന്ന് എട്ട് പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനിടെ പ്രതി മാര്‍ട്ടിന്റെ സ്കൂട്ടറില്‍ നിന്നും നാലു റിമോട്ടുകളാണ് പോലീസ് കണ്ടെടുത്തത്. ഇതുപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയെന്നാണ് സൂചന.
കൊടകര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് റിമോട്ടുകള്‍ കണ്ടെത്തിയത്. സ്കൂട്ടറിലെ ബോക്സില്‍ വെള്ള കവറില്‍ പൊതിഞ്ഞ നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.