കൊച്ചി: ഭിന്നശേഷിക്കാരായ വ്യക്തികള്‍ ഓരോ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് പറഞ്ഞു. ഭിന്നശേഷി അവകാശ നിയമവും അനുബന്ധ സേവനങ്ങളും എന്ന വിഷയം ആസ്പദമാക്കി ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലാ പഞ്ചായത്ത് എക്കാലത്തും ഭിന്നശേഷിക്കാര്‍ക്കൊപ്പം നിലകൊണ്ടിട്ടുള്ള സ്ഥാപനമാണെന്നും സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍, ഇലക്ട്രിക് വീല്‍ ചെയര്‍, ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ക്ക് സ്വയം തൊഴില്‍ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി നേരത്തെയുള്ള ഇടപെടലും പ്രതിരോധവും, എന്ന വിഷയത്തെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡോ.രശ്മി, ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികളും, പരിപാടികളും, സേവനങ്ങളും, എന്ന വിഷയത്തെക്കുറിച്ച് സുശീല കുര്യാച്ചന്, ഭിന്നശേഷി അവകാശനിയമം എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് തോമസ് എന്നിവര്‍ ക്ലാസ്സെടുത്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയില് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ വി.ജെ ബിനോയ്, സീനിയര്‍ സൂപ്രണ്ട് എം.വി സ്മിത എന്നിവര്‍ നേതൃത്വം നല്കി. ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നും തെരഞ്ഞെടുത്ത 30 ഉദ്യോഗസ്ഥരാണ് ശില്പശാലയില് പങ്കെടുത്തത്.