മുവാറ്റുപുഴ: മൂവാറ്റുപുഴ കോതമംഗലം ബൈപ്പാസ് പദ്ധതികള്‍ക്ക് വേണ്ടി 30 മീറ്റര്‍ വീതിയായി ചുരുക്കിക്കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഉപരിതല ഗതാഗത മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. നേരത്തെ 45 മീറ്റര്‍ വീതിയിലാണ് മൂവാറ്റുപുഴയില്‍ കടാതി – കാരക്കുന്നം ബൈപ്പാസിന്റെയും കോതമംഗലത്ത് കോഴിപ്പള്ളി- മാതിരപ്പള്ളി ബൈപ്പാസിന്റെയും അലൈന്മെന്റ് തയ്യാറാക്കിയിരുന്നത്. ഇവിടെ ഭൂമി ഏറ്റെടുക്കുവാന്‍ ആവശ്യമായ തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നയിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡീന്‍ കുര്യാക്കോസ് എം.പി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിനടിയില് ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഭുമി ഏറ്റെടുത്തു നല്‍കാത്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ തുക മുഴുവനായി വഹിച്ചു കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് വലിയ തുക വേണ്ടി വരുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യതയാകുന്നു എന്നത് കണക്കിലെടുത്തു കൊണ്ടാണ് 30 മീറ്ററായി റോഡിന്റെ വീതി കുറയ്ക്കുവാന്‍ വേണ്ടിയിട്ടുള്ള നിര്‍ദ്ദേശം എംപി മുന്നോട്ട് വെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശം മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയായിരുന്നു. ഉപരിതല ഗതാഗത മന്ത്രാലയം അന്തിമാനുമതി നല്കിയാല് ഏറെക്കാലമായി കാത്തിരിക്കുന്ന മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകള്‍ യാഥാര്‍ത്ഥ്യമാകും.1994 മുതല്‍ നിലനില്‍ക്കുന്ന പദ്ധതിയാണ് ഇത് രണ്ടും.