കൊച്ചി: എളമക്കരയില്‍ കൊല്ലപ്പെട്ട ഒന്നര വയസുള്ള കുഞ്ഞിന്റെ സംസ്കാരം പോലീസും കൊച്ചി കോര്‍പറേഷനും ചേര്‍ന്ന് നടത്തും.
പച്ചാളം പൊതുശ്മശാനത്തില്‍ വച്ച് സംസ്കാരം നടത്താനാണ് തീരുമാനം. മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
ഡിസംബര്‍ മൂന്നിനാണ് ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്റെ കുഞ്ഞിനെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത്. പിറ്റേന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയതുമുതല്‍ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍ ഇതുവരെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയിരുന്നില്ല. മൃതദേഹം ഏറ്റെടുക്കാന്‍ കുട്ടിയുടെ അച്ഛനും അമ്മയുടെ ബന്ധുക്കളും വിസമ്മതിച്ചിരുന്നു.സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അശ്വതി, സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്.