തൃശൂര്‍: ചാലക്കുടിയില്‍ മുന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. ആസാം സ്വദേശി ബാറുള്‍ ഇസ്ലാമാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കല്ലേറ്റുങ്കര സ്വദേശി ഉള്ളിശേരി വീട്ടില്‍ സെയ്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പിന്നാലെ പോലീസ് കണ്ടെത്തിയിരുന്നു.
ശ്വാസംമുട്ടിച്ചും തലയില്‍ കല്ല് കൊണ്ടടിച്ചുമായിരിക്കാം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
സുഹൃത്തുക്കളായിരുന്ന ബാറുള്‍ ഇസ്ലാമും സെയ്തും ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവം. ബാറുള്‍ ഇസ്ലാമിന്റെ കൈയില്‍നിന്ന് സെയ്ത് 5000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.