മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ താലൂക്ക് ലീഗൽ സർവീസ് ചെയർമാനും പോക്സോ കോടതി ജഡ്ജിയുമായ അനീഷ് പി വി ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മേൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ക്കുറിച്ചും, കുറ്റകൃത്യങ്ങളെ കുറിച്ചും, ലഹരിവസ്തുക്കളെക്കുറിച്ചും ഉള്ള അവബോധം കുട്ടികളിൽ ഉണ്ടായിരിക്കണം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. നിങ്ങൾക്ക് നിങ്ങൾ തന്നെയാണ് കാവൽദൂതർ. നിങ്ങളെ സംരക്ഷിക്കേണ്ടത് നിങ്ങൾ തന്നെയാണ്. വർദ്ധിച്ചുവരുന്ന ലൈംഗിക അതിപ്രസരം കൗമാര മനസ്സുകളെ ശൈശവ നിഷ്കളങ്കതയിൽ നിന്നും അകറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിർമല സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോക്കൽ മാനേജർ ഫാദർ കുര്യാക്കോസ് കൊടകല്ലിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ആന്റണി പുത്തൻകുളം സ്വാഗതo ആശംസിച്ചു. പിടിഎ പ്രസിഡന്റ് ഡോളി ജോസ് ആശംസകൾ അറിയിച്ചു. മൂവാറ്റുപുഴ ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സമ്മാനത്തിന് അർഹരായ കുട്ടികളെ പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് എം പി ടി എ പ്രതിനിധി എൽ ബി ജിബിൻ, ഫ്രഡ്ഡി പെരേര, സിന്ധു സാജു, മേഴ്സി കെ പി, തുടങ്ങിയവർ നേതൃത്വം നൽകി.