വളമിടലും മരുന്ന് തളിയുമടക്കമുള്ള കൃഷി ജോലികള്‍ക്ക് ആലത്തൂര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പറന്നു. ജില്ലയിലെ കാര്‍ഷിക ഡ്രോണുകളുടെ ആദ്യ പ്രദര്‍ശനവും പ്രവര്‍ത്തനരീതി പരിചയപ്പെടുത്തലുമാണ് അന്നമനട കൃഷിഭവന് കീഴിലുള്ള ആലത്തൂര്‍ പാടശേഖരത്തില്‍ നടന്നത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഡ്രോണുകളുടെ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷി ഭൂമിയില്‍ മൈക്രോ ന്യൂട്രിയന്റ് ഡ്രോണ്‍ ഉപയോഗിച്ച് സ്പ്രേ ചെയ്തു. ഒരേക്കറില്‍ ഒരേ അളവില്‍ വളം അല്ലെങ്കില്‍ സൂക്ഷ്മ മൂലകങ്ങള്‍ തളിക്കുന്നതിന് 20 മിനിട്ട് സമയമാണ് ഡ്രോണ്‍ പരമാവധി എടുക്കുക. കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വ്വെ എന്നീ മേഖലകളില്‍ ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.
കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM) പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയില്‍ ലഭ്യമാകും. കേന്ദ്ര കൃഷി മന്ത്രാലയവും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പിവി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (കൃഷി) പ്രീതി കെപി പദ്ധതി വിശദീകരണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നെയ്സണ്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (കൃഷി) ആര് സോണിയ, അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ (കൃഷി) ഉഷ മേരി ഡാനിയല്‍, ടികെ സതീശന്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.