കോമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍. പിണ്ടിമന പുത്തന്‍ പുരക്കല്‍ എല്‍ദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. ചേലാട് സെവന് ആര്‍ട്സ് സ്റ്റുഡിയോ ഉടമ എല്‍ദോസ് ആണ് കൊല്ലപ്പെട്ടത്.
കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച മഴുവും, എല്‍ദോസിന്റെ മൊബൈല്‍ ഫോണും കത്തിച്ച നിലയില്‍ കണ്ടെത്തി. സ്റ്റുഡിയോ ഉടമ എല്‍ദോസ്, കൊച്ചാപ്പ എന്നു വിളിക്കുന്ന എല്‍ദോസിന് മൂന്നു ലക്ഷം രൂപ കടം നല്‍കിയിരുന്നു. ഇത് തിരികെ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സ്ക്കൂട്ടറിലിരുത്തി കനാല്‍ ബണ്ടിനു സമീപം ഉപേക്ഷിച്ചു.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ജില്ലാപോലിസ് മേധാവി കെ. കാര്‍ത്തിക്ക്, ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, സി.ഐമാരായ ബേസില്‍ തോമസ്, നോബിള്‍ മാനുവല്‍, കെ.ജെ പീറ്റര്‍, എസ് ഐ മാഹിന്‍ സലിം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.