മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ ടൗണ്‍ വികസനവും, മുറിക്കല്ല് പാലവും അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് അറിയിച്ചു. മൂവാറ്റുപുഴയുടെ പൊതു ഗതാഗത വികസനം ലക്ഷ്യമിട്ട് ആലുവാ പാലസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കും. തന്റെ മേല്‍നോട്ടത്തില്‍ രണ്ടും പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് മാത്യു കുഴല്നാടന് എംഎല്‍എയ്ക്ക് യോഗത്തില്‍ മന്ത്രി നല്കി.
മൂവാറ്റുപുഴയുടെ പൊതു വികസനം സംബന്ധിച്ച് ജനപ്രതിനിധികളുമായി മാത്യു കുഴല്നാടന് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ നിര്‍ദേശങ്ങല്‍ പരിഗണിച്ച് മുന്‍ഗണനാ ക്രമത്തില്‍ ടൗണ്‍ വികസനവും മുറിക്കല്ല് പാലവും പൂര്‍ത്തിയാക്കാനായിരുന്നു ധാരണ. തുടര്‍ന്ന് എംഎല്‍എ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൂവാറ്റുപുഴക്കായി മന്ത്രി ഇന്നലെ പ്രത്യേക യോഗം വിളിച്ചത്.
മൂവാറ്റുപുഴയുടെ പൊതു ഗതാഗത വികസനം ലക്ഷ്യമിട്ടാണ് ഇന്നലെ യോഗം ചേര്‍ന്നത്. ഓരോ പ്രോജക്ടിന്റെയും എത്ര ശതമാനം വര്‍ക്കുകള്‍ തീര്‍ന്നു. എത്ര ഫണ്ടുകള്‍ വകയിരുത്തി. തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
മാത്യു കുഴല്നാടന് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത ഉദ്ധോഗസ്ഥരായ മിനി മാത്യു (KRFB), ജസി മോള് (KRFB), വീബിജ കെ.എം. (KRFB), നൗഫല്‍ എ.എം. (KRFB), മൈഥിലി ഐ.എസ്. (KRFB), റജിന വീബി (roads), സൂസന് സോളമന് തോമസ് (roads), സുമ കെ.എസ്. (investigation), മുസ്തഫ കമാല്‍ (തഹസില്‍ദാര്‍), ദീപ്തി എന്നിവര്‍ പങ്കെടുത്തു.