കൊച്ചി: കൊച്ചിയില്‍ 12,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. രണ്ടര ടണ്ണിലധികം വരുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്. സംഭവത്തില്‍ പാക്കിസ്ഥാനി സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു. പാകിസ്ഥാനില്‍ നിന്നെത്തിച്ചതാണ് മയക്കുമരുന്നുകള്‍. മക്രാന്‍ തീരത്തെ ചബഹര്‍ തുറമുഖത്ത് നിന്നാണ് കപ്പല്‍ വന്നത് എന്നാണ് സൂചന. ഇന്ത്യയിലേക്കും ഒപ്പം ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ടുവന്ന മയക്കുമരുന്നാണ് സംഘം പിടികൂടിയത്.
നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും നേവിയും സംയുക്തമായി നടത്തിയ രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. നേവിയും എന്‍സിബിയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷന് സമുദ്ര ഗുപ്തയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. സ്പീഡ് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ കടലില്‍ വെച്ചാണ് സേനാംഗങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ മറ്റൊരാള്‍ രക്ഷപ്പെട്ടു.
3,200 കിലോ മെത്താഫെറ്റാമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്. മദര്‍ ഷിപ്പില്‍ നിന്നും ബോട്ടുകളിലാക്കി പല സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതാണ് ഇവരുടെ രീതി. ഇതിനായി ഉപയോഗിച്ചിരുന്ന മദര്‍ഷിപ്പും സംഘം പിടികൂടി.
വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എന്‍സിബി പ്രതിനിധികള്‍ അറിയിച്ചു.