കൊച്ചി: മോദിയേക്കാള്‍ വലിയ അല്പത്തരമാണ് കെ-റൈസിന്റെ പേരില്‍ പിണറായി കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
നിലവിലുണ്ടായിരുന്ന ഒരു ആനുകൂല്യത്തെ പരിമിതപ്പെടുത്തുകയാണ് കെ-റൈസിലൂടെ സര്‍ക്കാര്‍ ചെയ്തതെന്ന് സതീശന് പ്രതികരിച്ചു.
എഫ്സിഐ ഗോഡൗണില്‍ കിടക്കുന്ന അരികൊണ്ടുവന്ന് വില കൂട്ടി ബിജെപിക്കാരെക്കൊണ്ട് വിറ്റഴിപ്പിച്ച പ്രവൃത്തിയെ അല്പത്തരമെന്ന് വിളിച്ച് തങ്ങള്‍ ആക്ഷേപിച്ചിരുന്നു. മുഖ്യമന്ത്രിയും ഇതിനെ അല്‍പത്തരമെന്നാണ് വിളിച്ചത്. എന്നാല്‍ അതിനേക്കാള്‍ വലിയ അല്പത്തരമാണ് കേരള റൈസിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് സതീശന് വിമര്‍ശിച്ചു.
നേരത്തേ പത്ത് കിലോ ഇഷ്ടമുള്ള അരി വാങ്ങാമായിരുന്നു. ഇപ്പോള്‍ അത് അഞ്ച് കിലോയായി പരിമിതപ്പെടുത്തി. കെ-റൈസിന്റെ പ്രഖ്യാപനം കഴിഞ്ഞ ശേഷം ഒരു സ്ഥലത്തും അരിയില്ല. ഇപ്പോള്‍ ആകെയുള്ളത് കെ-റൈസ് എന്നെഴുതിയ സഞ്ചി മാത്രമാണെന്നും സതീശന് പരിഹസിച്ചു.