മൂവാറ്റുപുഴ: മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയ ഒരു ഹോട്ടല്‍ കൂടി നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ അടപ്പിച്ചു. നഗര മധ്യത്തില്‍ എവറസ്റ്റ് കവലയില്‍ ഇതര സംസ്ഥാന യുവാവ് നടത്തി വന്നിരുന്ന ഹോട്ടലിനാണ് പൂട്ട് വീണത്. ഹോട്ടലിലെ വന്‍തോതിലുള്ള മാലിന്യങ്ങള്‍ പൊതു ഓടയിലേക്ക് ഒഴുക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അടുക്കളയില്‍ നിന്ന് പ്രത്യേക കുഴല്‍ വഴി ഓടയിലേക്ക് മാലിന്യം ഒഴുകുകയായിരുന്നു. ഒറ്റനോട്ടത്തില്‍ കുഴലുകള്‍ ദൃശ്യമാകാതിരിക്കാന്‍ കോണ്‍ക്രീറ്റ് കവചവും തീര്‍ത്തിരുന്നു ദിവസങ്ങളായി ഈ ഭാഗത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടു വന്നതോടെ പരാതിയുമായി നാട്ടുകാര്‍ നഗരസഭ ചെയര്മാന് പി. പി എല്‍ദോസിനെ സമീപിക്കുകയായിരുന്നു. ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച രാവിലെ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കൊടുവിലാണ് ഹോട്ടല്‍ മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നാതായി കണ്ടെത്തിയത് കുമിഞ്ഞു കൂടിയ മാലിന്യമായിരുന്നു പ്രദേശത്ത് ദുര്‍ഗന്ധത്തിന് ഇടയാക്കിയത് . അനധികൃത പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഉടമയ്ക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി. ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുന്‍പും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇക്കുറി ഹോട്ടല്‍ അടപ്പിക്കുന്നതിന് പുറമെ പിഴയും ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതു ഓടകളിലേക്ക് ഹോട്ടലില്‍ നിന്ന് അടക്കമുള്ള മാലിന്യങ്ങള്‍ ഒഴുക്കുന്നതിനെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ച് വരുന്നത്. ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മാലിന്യം ഓടയിലേക്ക് ഒഴുക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളൂര്ക്കുന്നത്തും നെഹ്റു പാര്‍ക്കിലുമുള്ള സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ കര്‍ശനമാക്കും. ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ ചുമതലയുള്ള കെ. വി വിന്‍സെന്റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരായ സുബൈര്‍ റാവുത്തര്‍, അഷറഫ്, എന്‍ ഷീന എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തി വരുന്നത്.