കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷനില്‍ സംഘര്‍ഷം. മേയറുടെ റൂമിന്റെ പ്രധാന വാതിലിന്റെ ചില്ല് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അടിച്ചു തകര്‍ത്തു. നഗരസഭ ഓഫീസിന് അകത്തും പുറത്തും സംഘര്‍ഷം തുടരുകയാണ്. സമരക്കാര്‍ മേയറെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. കോര്‍പ്പറേഷന്റെ ഷട്ടര്‍ അടയ്ക്കാനുളള യുഡിഎഫ് ശ്രമം പൊലീസ് തടഞ്ഞു. പൊലീസ് സുരക്ഷയിലാണ് മേയര്‍ അകത്തേക്ക് കടന്നത്. സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുളള സമരക്കാര്‍ക്ക് പരുക്കേറ്റു.
കൗണ്‍സിലര്‍മാര്‍ ഒഴികെയുളളവരെ പൊലീസ് കോര്പ്പറേഷന് ഓഫീസില്‍ നിന്ന് പുറത്താക്കി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്താതെ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പിരിഞ്ഞു.