കൊച്ചി: മുഖ്യമന്ത്രിക്കെതിരേ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ലാവ്ലിന് കേസില്‍ പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫാക്കിയെന്ന് ഷോണ്‍ പറഞ്ഞു.കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷോണ്‍. നേരത്തേ അഡീഷണല്‍ ഇന്‍കം ടാക്സ് ഡയറക്ടറായിരുന്ന ആര്.മോഹനന് ഇപ്പോള്‍ പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫാണ്. ഇത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണെന്നും ഷോണ്‍ ആരോപിച്ചു.
2008ല്‍ ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് നടന്ന ആദായ നികുതി വകുപ്പ് അന്വേഷണത്തിലാണ് ആര്.മോഹനന് പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. പിന്നീട് വിരമിച്ച ഉടനെ ഇദ്ദേഹം മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് എത്തി.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഇയാള്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്നു. ആര്.മോഹനന് സര്‍വീസിലിരുന്ന കാലത്ത് ചെയ്ത കാര്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ഷോണ്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കേന്ദ്രത്തിന് പരാതി നല്‍കുമെന്നും ഷോണ്‍ അറിയിച്ചു.