കൊച്ചി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പോലീസ് നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സതീശന് വിമര്‍ശിച്ചു.
ദുര്യോധനന്റെ രാജസദസില്‍ ഉണ്ടായതാണ് കണ്ണൂരിലെ തെരുവില്‍ നടന്നത്. വനിതാപ്രവര്‍ത്തകരെ ചവിട്ടി നിലത്തുവീഴ്ത്തി പോലീസ് ലാത്തികൊണ്ടുകുത്തി. വനിതാപ്രവര്‍ത്തകയുടെ മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കണ്ണില്‍ പോലീസ് ലാത്തി കൊണ്ട് കുത്തിയെന്നും സതീശന് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചപ്പോള്‍ അത് മാതൃകാപരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് പോലീസുകാരും ക്രിമിനലുകളും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെ പിണറായിയുടെ ഓഫീസിലെ ഗൂഢസംഘമാണ് ഈ അതിക്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതിക്രമങ്ങള്‍ നടത്തുന്ന പോലീസുകാരുടെ പേരുള്‍പ്പെടെ പരസ്യമായി വെളിപ്പെടുത്തുന്ന കടുത്ത നടപടിയിലേക്ക് തങ്ങള്‍ നീങ്ങുമെന്നും സതീശന് മുന്നറിയിപ്പ് നല്കി.
ഡിജിപിക്കെതിരെയും പ്രതിപക്ഷനേതാവ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഇത്രയും നട്ടെല്ലില്ലാത്ത ഒരു ഡിജിപിയെ കേരളം കണ്ടിട്ടുണ്ടോ എന്ന് സതീശന് ചോദിച്ചു. പോലീസിന്റെ അതിക്രമത്തിനെതിരേ ഡിജിപി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സതീശന് കുറ്റപ്പെടുത്തി.