മൂവാറ്റുപുഴ: റേഷന്‍ കടകളില്‍ നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ സാധിക്കാത്ത അദിദരിദ്ര വിഭാഗങ്ങളിലുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളില്‍ റേഷന്‍ നേരിട്ടത്തിക്കുന്ന ഒപ്പം പദ്ധതിയ്ക്ക് മൂവാറ്റുപുഴയില്‍ തുടക്കമായി. ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ സൗജന്യമായി റേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍ വീടുകളിലെത്തിക്കുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതിയാണ് ‘ഒപ്പം’. പദ്ധതിയുടെ മൂവാറ്റുപുഴ താലൂക്ക് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. പായിപ്ര പഞ്ചായത്തിലെ കിടപ്പുരോഗികളായ കുടുംബത്തിന് സൗജന്യമായി റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന ഓട്ടോറിക്ഷയുടെ ഫ്്ളാഗ് ഓഫും ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവര്‍ പുന്നോപ്പടി, ചെളികണ്ടത്തില്‍ മൈതീന്‍ സി.എസാണ് സൗജന്യമായി റേഷന്‍ സാധനങ്ങള്‍ കുടുംബത്തിന് എത്തിച്ച് നല്‍കുന്നത്. കൂടുതല്‍ അര്‍ഹതയുളള കുടുംബങ്ങളെ കണ്ടെത്തുന്നതിനനുസരിച്ച് റേഷന്‍ സാധനങ്ങള്‍ സൗജന്യമായി വീടുകളിലെത്തിക്കും. സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ സൗജന്യമായാണ് റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്.
പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിലുള്ള റേഷന്‍ കടയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എ.ടി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി, പി.എ ബഷീര്‍,വിഎംസക്കീര്, ഇബി ജലാലുദ്ധീന്‍, മൂസ ഇടപ്പാറ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ നിതീന് മാത്യൂസ് കുര്യന് സ്വാഗതവും റേഷനിംഗ് ഇന്‍സ്പെക്ടര്‍ മാഷ്ലെസ് പി.ആര് നന്ദിയും പറഞ്ഞു.