കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസിൻ്റെ രണ്ടാം റീച്ചിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ വരുന്ന പ്രദേശത്താണ് രണ്ടാം റീച്ച്.നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
സംസ്ഥാന സർക്കാരിൻ്റെ 2019 – 20 ബഡ്ജറ്റിലാണ് ന്യൂ ബൈപാസിൻ്റെ രണ്ടാം റീച്ചിൻ്റെ നിർമ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചത്. തങ്കളം കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ 15 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തിട്ടുള്ളത്.ബി എം ബി സി നിലവാരത്തിലാണ് റോഡിൻ്റെ നിർമ്മാണം.നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ചത്.
മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ബിന്ദു കെ റ്റി,എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,അസിസ്റ്റൻ്റ് എഞ്ചിനീയർ അരുൺ എം എസ് ഉൾപ്പെടെയുള്ള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.