ആലുവ : കുണ്ടും കുഴിയുമായി ആലുവ-പെരുമ്പാവൂര്‍ ദേശസാത്കൃത റോഡിലൂടെയുള്ള യാത്ര ദുരിതമായി. ആലുവ മുതല്‍ പെരുമ്പാവൂര്‍ വരെ വീണ്ടും റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
മഴയുടെ ശക്തി വര്‍ധിച്ചതോടെ മിക്ക ഇടങ്ങളിലും കുഴികള്‍ വലുതായി. തോട്ടുമുഖം, കുട്ടമശ്ശേരി, ചാലക്കല്‍, മാറമ്പിള്ളി എന്നിവിടങ്ങളില്ലെല്ലാം കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികളില്‍ മഴവെള്ളം കെട്ടിനിന്ന് കുഴികള്‍ തിരിച്ചറിയാതെ ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
റോഡിലെ കുഴികള്‍ക്കൊപ്പം കുന്നുകളും താണ്ടി വേണം യാത്ര ചെയ്യാന്‍. കഴിഞ്ഞ വര്‍ഷമുണ്ടായ കുഴികളടച്ച പ്രതലം ഉയര്‍ന്നിരിക്കുന്നതുമൂലം ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ഇരുചക്രവാഹന യാത്രക്കാരാണ്. ഓട്ടോറിക്ഷയിലും മറ്റു ചെറിയ വാഹനങ്ങളിലുമുള്ള യാത്രയും ബുദ്ധിമുട്ടേറിയതാണ്.
വാഹനങ്ങള്‍ക്ക് കേടുപാടുകളും കൂടുതലാണ്. നിരവധി സ്കൂള്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരും വലയുകയാണ്. സുഖമായി യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആലുവ മുതല്‍ കുട്ടമശ്ശേരി വരെയുള്ള ഭാഗങ്ങളില്‍ ഗതാഗത തടസ്സവും പതിവാണ്.
കുഴികളടയ്ക്കാന്‍ നാട്ടുകാര്‍
ആലുവ-പെരുമ്പാവൂര്‍ പ്രൈവറ്റ് റൂട്ടിനെ അപേക്ഷിച്ച് ഏറെ തിരക്കുള്ള റോഡാണ് ദേശസാല്‍കൃത റോഡ്. റോഡിലെ കുഴികളില്‍ അപകടങ്ങള്‍ പതിവായതോടെ പലയിടങ്ങളിലും കുഴികളടയ്ക്കാന്‍ നാട്ടുകാര്‍ രംഗത്തെത്തുകയാണ്.
കുട്ടമശ്ശേരിയിലെ ഓണ്‍ലൈന്‍ പരീക്ഷാ സെന്ററില്‍ പരീക്ഷയ്ക്ക് എത്തുന്നവര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തുന്ന തിരക്കുള്ള കവലയായ കുട്ടമശ്ശേരി സര്‍ക്കുലര്‍ ജങ്ഷനിലുണ്ടായ വലിയ കുഴി കഴിഞ്ഞ ദിവസം ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ച് അടച്ചു.