മൂവാറ്റുപുഴ: നഗരസഭ പാര്‍ക്ക്-പുഴയോരം വിനോദ സഞ്ചാര പദ്ധതി പ്രദേശം ടൂറിസം ഡപ്പ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നത തല സംഘം സന്ദര്‍ശനം നടത്തി. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ടൂറിസം ഡയറക്ടറുടെ ആവശ്യ പ്രകാരമാണ് ഡെപ്പ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, പ്രൊജക്ട് എഞ്ചിനീയര്‍ അരുണ്‍ ജോസ് എന്നിവര്‍ മൂവാറ്റുപുഴ ഡ്രീം ലാന്‍ഡ് പാര്‍ക്കിലും പുഴയോരത്തും സന്ദര്‍ശനം നടത്തിയത്. പദ്ധതി നടത്തിപ്പിന് പ്രദേശം അനുകൂലമെന്ന് വിലയിരുത്തിയ സംഘം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി ടൂറിസം ഡയറക്ടര്‍ക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചു.
നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ്, വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ അജി മുണ്ടാട്ട്, പ്രമീള ഗിരീഷ് കുമാര്‍, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍ കുമാര്‍, ബിന്ദു സുരേഷ്, അമല്‍ ബാബു, പി.വി. രാധാകൃഷ്ണന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വികസന വകുപ്പിന്റെയും സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
മൂന്നു പുഴകളുടെ സംഗമ കേന്ദ്രം എന്ന നിലയില്‍ റിവര്‍ ടൂറിസത്തിന് ആനന്ത സാധ്യതകളാണുള്ളത്. നഗരസഭ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ ഡ്രീംലാന്‍ഡ് പാര്‍ക്കും പുഴയും നെഹ്റു ചില്‍ഡ്രന്‍സ് പാര്‍ക്കും ബന്ധിപ്പിച്ചാകും പദ്ധതി നടപ്പാക്കുക.
ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ മൂവാറ്റുപുഴ ഇതോടെ വിനോദസഞ്ചാരികളുടെ ഇടത്താവളമായി മാറും. നഗര ഹൃദയഭാഗത്താണ് ഡ്രീംലാന്‍ഡ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നാലര ഏക്കര്‍ വിസ്തൃതി വരുന്ന പാര്‍ക്കിന്റെ ഭൂരിഭാഗം പ്രദേശവും പ്രകൃതിദത്തമാണ്. പാറക്കെട്ടുകളും ഇല്ലിക്കാടുകള്‍ കുന്നുകളും മറ്റും അതുപോലെ നിലനിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്ക് നവീകരിച്ച് പുതിയ പദ്ധതികള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഡ്രീംലാന്‍ഡ് പാര്‍ക്കിനെ രണ്ടായി തിരിച്ച് ഒരു ഭാഗത്ത് വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉള്ള പാര്‍പ്പിടസമുച്ചയങ്ങളും മറുഭാഗത്ത് പുഴയോട് ചേര്‍ന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പുതിയ റെയ്ഡുകള്‍, ബോട്ടിംഗ്, കയാക്കിങ്,തൂക്കുപാലം, ഗ്ലാസ് പാലം, സീപ്ലെയിന്‍ എന്നിവയും ലക്ഷ്യമിടുന്നു. ഇവിടെനിന്ന് നിലവിലുള്ള പുഴയോര നടപ്പാത നെഹ്റു ചില്‍ഡ്രന്‍സ് പാര്‍ക്ക് വരെ ദീര്‍ഘിപ്പിക്കുന്നതാണ് മറ്റൊന്ന്. ഡ്രീം ലാന്‍ഡ് പാര്‍ക്കില്‍ നിന്ന് പുഴയിലേക്ക് ഇറങ്ങുന്നതിന് ജെട്ടിയും ഇരു കരകളെയും ബന്ധിച്ച് തൂക്കുപാലവും നിര്‍മ്മിക്കും.
മൂവാറ്റുപുഴ പാര്‍ക്കിനെ സ്വാഭാവിക പാര്‍ക്ക് എന്ന രീതിയില്‍ നിലനിര്‍ത്തുന്നതാണ് രണ്ടാം ഭാഗത്തെ പദ്ധതികള്‍. നിലവില്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന കുട്ടികളുടെ വിനോദ ഉപകരണങ്ങള്‍ക്ക് പുറമേ 60 മീറ്റര്‍ നീളം വരുന്ന ഗ്ലാസ് പാലം നിര്‍മ്മിക്കുന്നതിന് ലക്ഷ്യമിടുന്നു. മറ്റൊന്ന് തുടക്ക ഭാഗത്ത് നിന്ന് ആരംഭിച്ച പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് അവസാനിക്കുകയും അവിടെനിന്ന് പുഴയുടെ മധ്യഭാഗത്ത് എത്തിച്ചേരുകയും ചെയ്യുന്ന തരത്തില്‍ സീപ്ലെയിന്‍ നിര്‍മ്മിക്കും. ഇതിനു പുറമേ പുഴ തീരത്ത് വ്യത്യസ്തമായ ഉയരത്തില്‍ രണ്ട് ബോട്ടുജെട്ടികള്‍ നിര്‍മ്മിച്ച് ഒരു ഭാഗം കയാക്കിംഗ്, റിവര്‍ റാഫിറ്റിംഗ്, മെഷീന് ബോട്ട് എന്നിവയുടെ സഹായത്തോടെ മൂവാറ്റുപുഴയെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നല്കാന് കഴിയും.
തൂക്കുപാലത്തോടനുബന്ധിച്ച് പുഴയുടെ മറുകരയില്‍ നടപ്പാതയും ലത പാലത്തില്‍ നിന്ന് ആരംഭിച്ച് ത്രിവേണി സംഗമം വരെയുളള ഭാഗത്ത് നിലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന പുഴയോര നടപ്പാത ബി.ഒ.സി. ജംഗ്ഷനിലുള്ള (നെഹ്റു പാര്‍ക്ക്) കുട്ടികളുടെ പാര്‍ക്ക് വരെ നീട്ടും. ഇതിനായി കച്ചേരിതാഴത്തെ പഴയ പാലത്തിന് അടിയില്‍ കൂടി അണ്ടര്‍ പാസ്സേജ് ആവശ്യമാണ്. ഒപ്പം കുട്ടികളുടെ പാര്‍ക്ക് നവീകരിക്കുകയും വേണം. ഇതെല്ലാം ചേര്‍ന്ന് ഏകദേശം 20 കോടിയോളം രൂപ വേണ്ടിവരും എന്നാണ് വിലയിരുത്തല്‍.