മൂവാറ്റുപുഴ :താലൂക്ക് ആശുപത്രിയില്‍ വാക്സിനെടുക്കാനും അധികൃതരുടെ കനിവുകാത്ത് പൊതുജനം കാത്തു നില്ക്കുമ്പോള് ടോക്കണ്‍ വിതരണത്തില്‍ ക്രമക്കേട് നടത്തി ചില കൗണ്‍സിലര്‍മാരും ആശാ വര്ക്കര്മാരുമടങ്ങുന്ന സംഘം . നിയന്ത്രണമില്ലാത്ത ആശുപത്രിയില്‍ ചോദിക്കാനും പറയാനും ആളില്ലന്ന മുറവിളി ഉയരുമ്പോഴും നടപടി എടുക്കാന്‍ ആശുപത്രി ചുമതലക്കാരായ നഗരസഭ തയ്യാറാവാത്തതും ദുരൂഹമാവുന്നു. ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്സിന് ടോക്കണ്‍ വിതരണത്തിലെ തട്ടിപ്പില്‍ ദിവസവും വാക്സിന് എടുക്കാനെത്തുന്ന വയോധികരടക്കം കുടുങ്ങുന്നത് മണിക്കുറുകളോളമാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യ ടോക്കണ്‍ എന്ന മാനദണ്ഡമാണ് ആശുപത്രിയില്‍ ഈ സംഘം അട്ടിമറിക്കുന്നത്. ഇതോടെ ദുരിതത്തിലാവുന്നവരുടെ പരാതി കേള്‍ക്കാനോ നടപടി എടുക്കാനോ അധികൃതര്‍ക്കാവുന്നില്ല.
ടോക്കണ്‍ തട്ടിപ്പിങ്ങനെ: ഒന്നുമുതല്‍ നൂറുവരെ നമ്പറുള്ള ടോക്കണ്‍ ആശാവര്‍ക്കര്‍മാരും കൗണ്‍സിലര്‍മാരുമടങ്ങുന്ന സംഘം കൈവശം സൂക്ഷിക്കും. കുത്തിവെപ്പിനായി രാവിലെ തന്നെ ആശുപത്രിയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് നൂറിന് മുകളിലുള്ള നമ്പര്‍ ടോക്കണ്‍ മാത്രമാണ് നല്‍കുക. രാവിലെ പത്തോടെയാണ് സാധാരണയായി കോവിഡ് വാക്സിനേഷന് ആരംഭിക്കുന്നത്. എട്ടു മുതല്‍ സ്ത്രീകളും വയോധികരും അടക്കമുള്ളവര്‍ ടോക്കണ്‍ വാങ്ങാന്‍ ആശുപത്രിയില്‍ എത്തും. രാവിലെ തന്നെ എത്തുന്നവര്‍ക്ക് ആശാവര്‍ക്കര്‍മാരുടെയും കൗണ്‍സിലര്‍ മാരുടെയും ആവശ്യത്തിനുള്ളത് എടുത്തതിനുശേഷം മാത്രമാകും ടോക്കണ്‍ നല്‍കുക. ഫലത്തില്‍ നേരത്തെ എത്തിയിട്ടും കുത്തിവെപ്പ് എടുക്കുന്നതിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ് സാധാരണക്കാര്‍ക്ക് ഉള്ളത്.
വ്യാഴാഴ്ച നടന്നത് : വാക്സിനേഷന് രാവിലെ ഒമ്പതിന് ജനറല്‍ ആശുപത്രിയിലെത്തിയ നാലംഗ കുടുംബത്തിന് 160 മുതല്‍ 163 വരെയുള്ള ടോക്കണുകള്‍ ആണ് ലഭിച്ചത്. എന്നാല്‍ 11. 30 ഓടെ എത്തിയ ഒരാള്‍ക്ക് കൗണ്‍സിലര്‍ നല്കിയ ടോക്കണിലെ നമ്പര്‍ 24 ആണ്. പിന്നീടെത്തിയ പലര്‍ക്കും ആശാവര്‍ക്കര്‍മാര്‍ നല്കിയ ടോക്കണുകളുടെ നമ്പര്‍ അമ്പതില്‍ താഴെയാണ്. ഇതോടെയാണ് ടോക്കിലെ തിരിമറി പുറത്തറിയുന്നത്. ഇത് സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ചോദ്യം ചെയ്തതോടെ രജിസ്ട്രേഷന് കൗണ്ടറില്‍ ഉണ്ടായിരുന്ന ആശാവര്‍ക്കര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഇറങ്ങിപ്പോയി. കുത്തിവെപ്പിന് എത്തിയവര്‍ ബഹളം വെച്ചതോടെയാണ് ഇവര്‍ ഇരിപ്പിടത്തില്‍ തിരിച്ചെത്തിയത്. ടോക്കന്‍ ലഭിക്കുന്നവര്‍ക്ക് വാക്സിന് എടുക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.
അസൗകര്യങ്ങള്‍ ഏറെ, ടോക്കണുകള്‍ പൂഴ്ത്തി വെക്കുന്നതിന് പിന്നില്‍: ആവശ്യത്തിന് രജിസ്ട്രേഷന് കൗണ്ടറോ സൈറ്റില്‍ എന്‍ട്രി ചെയ്യുന്നതിനുള്ള സംവിധാനമോ നിലവിലില്ല. രാവിലെ തന്നെ എത്തുന്നവര്‍ നാലും അഞ്ചും മണിക്കൂര്‍ കാത്തുനില്ക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മണിക്കൂറുകള്‍ എടുക്കുന്നത്. ഈ കടമ്പ കടന്നാല്‍ വേഗത്തില്‍ കുത്തിവെപ്പ് ലഭിക്കും എന്നത് മാത്രമാണ് ആശ്വാസം. പിന്നീട് അരമണിക്കൂര്‍ കൂടി ഇവിടെ കഴിച്ചു കൂട്ടണം. എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും ബാധകമല്ല. അവര്‍ വരുന്ന ഉടന്‍തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കകം കുത്തിവെപ്പ് നേടും. ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് ആദ്യ നമ്പര്‍ ടോക്കണുകള്‍ പൂഴ്ത്തി വെക്കുന്നത്. ഒരു വിഭാഗം കൗണ്‍സിലര്‍മാരും ആശാവര്‍ക്കര്‍മാരുമാണ് ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കേണ്ട ആശാവര്‍ക്കര്‍മാര്‍ വാക്സിന് ദിനത്തില്‍ കൂട്ടത്തോടെ ആശുപത്രിയില്‍ തമ്പടിക്കുന്നു. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഉടമയുടെ ആവശ്യപ്രകാരം കൂട്ടത്തോടെ ടോക്കണ്‍ നല്കുന്ന രീതിയും ഉണ്ട്. ഇവരുടെ തൊഴില്‍ സമയം നഷ്ടപ്പെടാതെ കുറഞ്ഞ സമയം കൊണ്ട് കുത്തിവെപ്പ് എടുത്ത മടങ്ങും. സാധാരണക്കാര്‍ ആകട്ടെ ഒരു ദിവസത്തെ ജോലി ഉപേക്ഷിച്ച് വേണം വാക്സിന് സ്വീകരിക്കാന്‍. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ആശുപത്രി അധികൃതരോ നഗരസഭ ഭരണ നേതൃത്വമോ തയ്യാറാകുന്നില്ല.
ടോക്കണ്‍ സമ്പ്രദായം ഒഴിവാക്കണം: എല്ലാം ചിലരുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. നേരത്തെ എല്ലാദിവസവും ഉണ്ടായിരുന്ന കുത്തിവെപ്പ് നിലവില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ്. അതും കോ വാക്സിനും കോവി ഷീല്‍ഡും ഒന്നിടവിട്ട ആഴ്ചകളില്‍ മാത്രം. അതുകൊണ്ടുതന്നെ കുത്തിവെപ്പ് ദിവസം വന്‍ തിരക്കാണ് ജനറലാശുപത്രിയില്‍ അനുഭവപ്പെടുന്നത്. ടോക്കണ്‍ സമ്പ്രദായം ഒഴിവാക്കി ആദ്യമാദ്യം എത്തുന്നവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കുത്തിവെപ്പ് നല്കുന്ന രീതി അവലംബിച്ചാല്‍ തിരിമറികള്‍ ഒഴിവാക്കാനാകും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചിലരുടെ പ്രവര്‍ത്തി മൊത്തത്തില്‍ ബാധിക്കുന്നെന്ന പരാതി: കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചവരും മറ്റു മേഘലകളില്‍ കഴിവ് തെളിയിച്ചവരുമാണ് കൗണ്‍സിലര്‍മാരിലും ആശാ വര്ക്കര്മാരിലെയും ഏറെ പേരും. ചിലരുടെ പ്രവര്‍ത്തി ഇവരെ മൊത്തത്തില്‍ ബാധിക്കുന്നെന്ന പരാതിയും ഇവര്‍ക്കിടയിലുണ്ട്. »» റിപ്പോര്‍ട്ട് : നെല്സന് പനയ്ക്കല്‍