കൊച്ചി: കളമശേരിയിലെ കണ്വെന്ഷന് സെന്റര്‍ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് തുടരും.
ഇയാളെ തമ്മനത്തെ വീട്ടിലും മുന്‍പ് വാടകയ്ക്ക് താമസിച്ചയിടങ്ങളിലും എത്തിച്ച് തെളിവെടുപ്പും മറ്റ് പരിശോധനകളും നടത്തും. നവംബര്‍ 15നാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.
സംഭവദിവസം കണ്വെന്ഷന് സെന്ററിലേക്ക് എങ്ങനെയാണ് ബോംബ് കൊണ്ടുവന്നതെന്നും കസേരകള്‍ക്കിടയില്‍ ബോംബ് വച്ചത് എങ്ങനെയാണെന്നും പ്രതി ഡൊമിനിക് അന്വേഷണ ഉദ്യോഗസ്ഥ രോട് നേരത്തെ വിശദീകരിച്ചിരുന്നു.
കുറ്റകൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഇയാള്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ബോംബ് ഉണ്ടാക്കിയതിലടക്കം ചില സംശയങ്ങള്‍ നിലനില്‍ക്കുന്ന തിനാല്‍ ഉദ്യോഗസ്ഥര്‍ ഈ മൊഴി മുഖവിലയ്ക്ക് എടുത്തിട്ടില്ല.
സ്ഫോടനത്തില്‍ നാല് പേര് ഇതിനോടകം മരിച്ചു. പരിക്കേറ്റ 19 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുമായി എല്ലാ രീതിയിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും പ്രതി കോടതിയെ അറിയിച്ചിരുന്നു.