എറണാകുളം : എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ ഇ- മെയിലില്‍ നല്കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
2018 ല്‍ ഹൗസ് സര്‍ജന്‍സിക്കിടെ കടന്നുപിടിച്ച് ചുംബിച്ചുവെന്നാണ് പരാതി. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജന്‍സി കാലയളവില്‍ ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയുമായി അമേരിക്കയില്‍ ജോലിചെയ്യുന്ന വനിതാ ഡോക്ടര്‍ ആണ് പൊലീസിനെ സമീപിച്ചത്. ജനറല്‍ മെഡിസിന് വിഭാഗം മേധാവിയും, ഹൗസ് സര്‍ജന്‍സി കോര്‍ഡിനേറ്ററുമായിരുന്ന ഡോക്ടര്‍ മനോജ് കടന്നുപിടിച്ച് ചുംബിച്ചു എന്നാണ് പരാതി. ഈമെയിലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യം ഇല്ല എന്നാണ് വനിതാ ഡോക്ടര്‍ പൊലീസിനെ അറിയിച്ചത്.വനിതാ ഡോക്ടറുടെ മൊഴി എടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് പൊലീസ് . ഇതിനിടെ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ ആശുപത്രി രേഖകളും അക്കാലത്ത് ജോലി ചെയ്തിരുന്നവരുടെ മൊഴിയും രേഖപ്പെടുത്താനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടു പോകുകയാണ്. 2019 ഫെബ്രുവരിയില്‍ ഡോക്ടര്‍ മനോജ് സ്വകാര്യ ക്ലിനിക്കില്‍ വച്ച് വനിതാ ഡോക്ടറെ കടന്നുപിടിച്ച് ചുംബിച്ചു എന്നാണ് ആദ്യ കേസ്.
ആദ്യ കേസില്‍ ഡോക്ടര്‍ മനോജ് നല്കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വരെ ഇയാളുടെ അറസ്റ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിട്ടുണ്ട്. ഡോക്ടര്‍ മനോജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. ഡോക്ടര്‍ മനോജിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഇതിനുശേഷമേ പൊലീസ് തീരുമാനമെടുക്കൂ. നിലവില്‍ സമാന രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ കൂടുതല്‍ നിയമോപദേശം തേടാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആലോചന.