വിവാദങ്ങളാല്‍ മുങ്ങിതാഴുന്ന തൃക്കാക്കര നഗരസഭയില്‍ അവിശ്വസ പ്രമേയത്തിനൊരുങ്ങി സിപിഎം. ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പനെതിരെയാണ് നിലവിലെ സാഹചര്യം മുതലാക്കി അവിശ്വാസം നല്കാന് സിപിഎം ഒരുങ്ങുന്നത്. ഡിസംബറില്‍ യുഡിഎഫ് ഭരണ സമിതി അധികാരത്തിലേറിയ ശേഷം ആദ്യമായാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നീക്കവുമായി രംഗത്തെത്തുന്നത്. ജില്ലാ ഭരണസിരാ കേന്ദ്രം നില നിര്‍ത്തുക എന്നത് കോണ്‍ഗ്രസിനും അഭിമാന ഘടകം തന്നെ.
ഓണക്കിറ്റ് വിവാദത്തില്‍ പ്രതിഷേധം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അജിതാ തങ്കപ്പനെതിരെ നഗരസഭക്ക് മുന്നില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും നേതൃത്വം നിര്‍ദ്ദേശം നല്കി.
ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി ചുമതലയേറ്റ മുഹമ്മദ് ഷിയാസിന് അഗ്നി പരീക്ഷണമാവും തൃക്കാക്കര. ഇവിടുത്തെ ബലാബല കണക്കില്‍ പിഴക്കാതിരിക്കുക എന്നത് ഷിയാസിന് തലവേദനയാവും. നിലവില്‍ ഇരുമുന്നണികള്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് തൃക്കാക്കര നഗരസഭയില്‍. കേവല ഭൂരിപക്ഷത്തിന് 22 കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് വേണ്ടത്. 43 പേരില്‍ യുഡിഎഫിന് 21 പേരും എല്‍ഡിഎഫിന് 17 പേരുമാണുള്ളത്. മുഴുവന്‍ സ്വതന്ത്രരേയും തങ്ങളുടെ പാളയത്തില്‍ എത്തിക്കാമെന്ന് ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. യുഡിഎഫ് വിമതരായ അഞ്ച് പേര് കൗണ്‍സിലില്‍ ഉണ്ട്. ഇതില്‍ നാല് പേര് യുഡിഎഫിനൊപ്പവും ഒരാള്‍ എല്‍ഡിഎഫിനൊപ്പവുമാണ്. നിലവില്‍ ഒരാളുടെ പിന്തുണമാത്രം മതി യുഡിഎഫിന് ഭരണം തുടരാന്‍.