മൂവാറ്റുപുഴ : ചാലിക്കടവ് പാലം റോഡില്‍ കുളംകുഴിച്ച കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്ത ജനപ്രതിനിധികള്‍ക്കുമെതിരേ ചാലിക്കടവില്‍ പ്രതിഷേധം തുടങ്ങി. രണ്ടാര്‍-കിഴക്കേക്കര വികസന സമിതിയുടെ നേതൃത്വത്തിലാണ് പ്രകതിഷേധം നടത്തുന്നത്. റോഡരികില്‍ പന്തല്‍ കെട്ടി നടത്തുന്ന സമരത്തിന്റെ ഭാഗമായി പ്രതീകാത്മക പിരിവെടുപ്പും പാരഡിപ്പാട്ടുകളുടെ അവതരണവും നടത്തും.
കെ.എസ്.ടി.പി. ഓഫീസില്‍ ചെന്ന് റോഡിനായി നല്കിയ നിവേദനത്തിന് കയ്യുംകണക്കുമില്ല, നിവേദനം നല്കിയപ്പോഴെല്ലാം രണ്ടുദിവസംകൊണ്ട് നന്നാക്കുമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയറടക്കം ഉറപ്പ് നല്‍കിയതാണെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. റോഡിലെ കുഴിയെങ്കിലും തത്കാലം അടച്ചുതരണമെന്ന് മാത്രമാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. അതുപോലും നാലു മാസത്തിലേറെയായിട്ടും ചെയ്തില്ല. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ഒരു കിലോമീറ്ററോളം കുഴി മാത്രമാണ്. ഓട്ടോറിക്ഷകള്‍ക്ക് പോകാനാവില്ല. കാല്‍നടയാത്ര അസാധ്യമാണ്.
കുഴികളിലൂടെ മറ്റ് വാഹനങ്ങള്‍ പോകുമ്പോള്‍ ചെളി തെറിക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രക്കാരുടെ അവസ്ഥയും ദുരിതമാണ്. കുണ്ടും കുഴിയും താണ്ടി ആവശ്യക്കാര്‍ വരാതായതോടെ ഇവിടെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളും പൂട്ടിവീണ അവസ്ഥയിലായി.