മൂവാറ്റുപുഴ: സ്ത്രീകള്‍ക്കും കൗമാര പ്രായക്കാരായ കുട്ടികള്‍ക്കും വേണ്ടി ഹോമിയോപ്പതി വകുപ്പ് ആവിഷ്കരിച്ച് സാമൂഹ്യ കുടുംബക്ഷേമ വകുപ്പിന്റെയും, ആഭ്യന്തര-നിയമ വകുപ്പിന്റെയും, വനിത കമ്മീഷന്റെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സീതാലയം പദ്ധതിയുടെ ഭാഗമായി മാറാടി ഗ്രാമപഞ്ചായത്തില്‍ ഏകദിന ശില്പശാല നടത്തി. പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ട് വരുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങായി ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കി വരുന്ന സീതാലയം പദ്ധതിയ്ക്ക് കീഴില്‍ നടന്ന് വരുന്ന വന്ധിതാ നിവാരണ ക്ലിനിക്ക്, ലഹരി വിമോചന ക്ലിനിക്ക്, സദ്ഗമയ എന്നിവയിലൂടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിയ്ക്കുന്നതിനാണ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചത്.
മാറാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഒ.പി.ബേബി, ഒ.സി.ഏലിയാസ്, പഞ്ചായത്ത് മെമ്പര്‍മാരായ ബാബു തട്ടാറുകുന്നേല്‍, സാജു കുന്നപ്പിള്ളി, ബിന്ദു ബേബി, സല്ലി ചാക്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ലീന റാണി, ഡോ.അമ്പിളി.പി.നായര്‍, ഡോ.കെ.എന്‍.മജ്ഞുള എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് വര്‍ദ്ധിച്ച് വരുന്ന വിവാഹ മോചനങ്ങളുടെ കാരണങ്ങളും എന്ന വിഷയത്തിലും, കുടുംബ ബന്ധങ്ങള്‍ എങ്ങനെ ഊഷ്മളമാക്കാം എന്ന വിഷയത്തിലും പാല കുടുംബ കോടതി പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍ ഡോ.റെയ്നി ജോണ്‍ ക്ലാസ്സെടുത്തു.