പായിപ്ര : കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണറാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയില്‍ നടന്ന ഐക്യദാര്‍ഢ്യ സദസ്സ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം അമീര്‍ അലി ഉദ്ഘാടനം ചെയ്തു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
വഖഫ് നിയമനം സംബന്ധിച്ച് കേവലം ഉറപ്പ് കൊണ്ട് പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറാന് കഴിയില്ല എന്നും നിയമസഭയില്‍ നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ തൗഫീഖ് മൗലവി പറഞ്ഞു.
യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രെട്ടറി സിയാദ് ഇടപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് സെക്രെട്ടറി നിഷാദ് കൊള്ളിക്കാട്ട് ചാല് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി എ ബഷീര്‍ ഐക്യദാര്ട്യ സന്ദേശം നല്കി. മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം പി ഇബ്രാഹിം, സെക്രട്ടറിമാരായ പി എച്ച് ഇല്യാസ്, മുഹമ്മദ് സ്വാലിഹ്, വി എ ഇബ്രാഹിം, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആരിഫ് അമീറലി, വൈസ് പ്രസിഡന്റ് സൈഫുദ്ധീന്‍ തെക്കേക്കര, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഇ എം അലിക്കുഞ്ഞ്, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് റമീസ് മുതിരക്കാല, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് യാസീന്‍ ചുക്കുടു, മാഹിന്‍ ഷക്കീര്‍, റാഷിക് ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.