മൂവാറ്റുപുഴ : കെ.എസ്.ആര്.ടി.സി. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിക്ക് തുണയായി ഡ്രൈവര്‍ ടി.എസ്. ഇക്ബാലും കണ്ടക്ടര്‍ ശരത് സോമനും. ബസ് ലൈറ്റിട്ട് പാഞ്ഞ് യാത്രക്കാരിയെ വാഴക്കുളത്തെ ആശുപത്രിയില്‍ എത്തിച്ചു.
വ്യാഴാഴ്ച രാവിലെ എറണാകുളത്തുനിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന ബസില്‍ കോലഞ്ചേരി ചൂണ്ടിയില്‍നിന്ന് കയറിയ പിറവം സ്വദേശിനിയായ അധ്യാപികയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊടുപുഴയ്ക്ക് ടിക്കറ്റെടുത്തിരുന്ന ഇവര്‍, ബസ് ആനിക്കാടെത്തിയപ്പോള് കുഴഞ്ഞുവീഴുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഒരുനിമിഷം പോലും ആലോചിച്ചിരുന്നില്ല. ഉടന്‍ യാത്രക്കാരിയുമായി ബസ് ലൈറ്റിട്ട് വാഴക്കുളത്തേക്ക് പാഞ്ഞു. വാഴക്കുളത്തെ ആശുപത്രിയിലെത്തിച്ച യാത്രക്കാരിക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കിയശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.