പെരുമ്പാവൂര്‍: അറുപത്തഞ്ചുവര്ഷത്തോളമായി പെരുമ്പാവൂര്‍ പട്ടണത്തിലെ പലചരക്കു ചില്ലറ, മൊത്ത വ്യാപാരമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ബീന സ്റ്റോഴ്സ്. എ.എം. റോഡും എം.സി. റോഡും സംഗമിക്കുന്ന കാലടി ജംഗ്ഷനു സമീപത്ത് പരേതനായ മാണിയാലില്‍ പുരുഷോത്തമന് (പുരുഷന്) തുടങ്ങി വെച്ച സ്ഥാപനമാണ് ബീന സ്റ്റോര്‍. വ്യാപാര മേഖലയില്‍ അജയ്യനായിരുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ സജീവന്റെ (65) നിര്യാണം ശനിയാഴ്ച രാവിലെ 7.30-യോടെയായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ നഗരത്തിലെ വ്യാപാരി സമൂഹം ദുഃഖം രേഖപ്പെടുത്തി.
ന്യായവിലയില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്തു പേരെടുത്ത അച്ഛന്റെ വഴിയിലൂടെ തന്നെയായിരുന്നു സജീവനും പലചരക്കു വ്യാപാരരംഗത്ത് നിലനിന്നത്. സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വരുന്നതിനു മുമ്പുള്ള പഴയകാലത്ത് പെരുമ്പാവൂരിലെ പലചരക്കു കച്ചവടം ‘ബീനയ്ക്കു മാത്രം സ്വന്ത’മായിരുന്നു എന്നു പറയാം. കച്ചവടത്തിരക്കില്‍ ഇവരുടെ കടയ്ക്കു മുമ്പില്‍ കാത്തുനിന്ന് സാധനങ്ങള്‍ വാങ്ങാനും ആളുകള്‍ തയ്യാറായിരുന്നു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത അച്ഛന്റെ കര്‍ക്കശ നിലപാട് ചെറുപ്പം മുതലേ കണ്ടുപഠിച്ചത് സജീവനായിരുന്നു. പരിസരദേശങ്ങളിലെ ചില്ലറ വ്യാപാരികള്‍ പലചരക്കുകള്‍ വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. നഗരത്തിലെ വ്യാപാര മേഖല അടിമുടി മാറിയതോടെ ഇവര്‍ക്കും കച്ചവടത്തില്‍ ഇടിവുണ്ടായി. പ്രമേഹ രോഗബാധിതനായതോടെ സജീവന് കച്ചവടത്തില്‍ ശ്രദ്ധിയ്ക്കാനാകാതെയും വന്നിരുന്നു. മാസങ്ങളായി കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കൊവിഡ് ബാധിയ്ക്കുകയും ചെയ്തു.
സാമൂഹിക, സന്നദ്ധ സംഘടനകള്‍ക്കായി സഹായങ്ങള്‍ നല്കാന് മനസ്സുകാണിച്ചിരുന്നു സജീവന്. കളരിമര്‍മ്മാണി ചികിത്സയില്‍ പ്രാഗത്ഭ്യം നേടിയിരുന്നതിനാല്‍ ധാരാളം രോഗികള്‍ ഇദ്ദേഹത്തിന്റെ സൗജന്യസേവനം ഉപയോഗപ്പെടുത്തി യിരുന്നു. ആശയാണ് ഭാര്യ. ആയുര്‍വ്വേദ ഡോക്ടറായ ഹീര, ഹിരണ്‍ എന്നിവരാണ് മക്കള്‍. പെരുമ്പാവൂരില്‍ മന്ദാരം ആയുര്‍വ്വേദിക് വെല്‍നെസ്സ് സെന്റര്‍ നടത്തുന്ന ഡോ. തുഷാര്‍ ബാബു (മോനിപ്പള്ളി) ആണ് മരുമകന്. ഏറ്റവും മൂത്ത സഹോദരന്, പെരുമ്പാവൂരിലെ ബീന ടെക്സ്റ്റൈല്‍സ് ഉടമ പ്രസാദ്. ഇളയ സഹോദരന് ബൈജു, ഗോള്‍ഡന്‍ഗേറ്റ് ബ്രാന്‍ഡഡ് ഷര്‍ട്ട് നിര്‍മ്മാതാവാണ്. ദശാബ്ദങ്ങള്‍ക്കുമുമ്പ് പറവൂരില്‍ നിന്നും പെരുമ്പാവൂരില്‍ കുടിയേറിയ പുരുഷോത്തമന്, തന്റെ ഏറ്റവും ഇളയ മകള്‍ ബീനയുടെ പേരിലൂടെ വ്യാപാരരംഗത്ത് വിജയഗാഥ രചിച്ചത്. വ്യാപാരകുടുംബത്തിലെ ഒരു പ്രധാനകണ്ണിയാണ് സജീവന്റെ വിയോഗത്തിലൂടെ വിട്ടകന്നത്. ഉഷയും ലീനയുമാണ് മറ്റു സഹോദരിമാര്‍. മൃതദ്ദേഹം കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മലമുറി മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.