കൊച്ചി: എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഎമ്മിലെ പമുഖര്ക്കെതിരെ നടപടിവരുന്നു, ഇതിന്റെ മുന്നോടിയായി തെരഞ്ഞെടുപ്പ് ചുമതലക്കാരായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളടക്കമുള്ളവരോട് വിശദീകരണം തേടി.
തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ പരാജയങ്ങളാണ്് പാര്‍ട്ടിക്ക് തലവേദനയായിരിക്കുന്നത്. സ്ഥാനമോഹികളായ നേതാക്കളടെ ഇടപെടലും നിസഹകരണവും പരാജയ കാരണങ്ങളായി പാര്‍ട്ടി അന്വേഷണ കമ്മിഷന് കണ്ടെത്തിയിരുന്നു. പെരുമ്പാവൂര്‍, തൃക്കാക്കര ചുമതലക്കാരായ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍ സി മോഹനന്, മണിശങ്കര്‍ എന്നിവരോട് വിശദീകരണം തേടി. നേതാക്കള്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.
പെരുമ്പാവൂരില്‍ ഒന്നിലധികം പേരായിരുന്നു പാര്‍ട്ടിക്കുള്ളിലെ സ്ഥാനാര്‍ത്ഥിമോഹികള്‍. ഇവരുടെ എതിര് പ്രവര്‍ത്തനവും നിസഹകരണവും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇത് കേരളകോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. നേതാക്കള്‍ ഇടപെട്ടതോടെയാണ് സ്ഥാനാര്‍ത്ഥിമോഹികള്‍ പ്രചരണ രംഗത്ത അല്‍പ്പമെങ്കിലും സജീവമായതെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.
തൃപ്പൂണിത്തുറയില്‍ സി എന്‍ സുന്ദരന്റെ സ്ഥാനാര്‍ത്ഥിത്വ മോഹം എം.സ്വരാജിന്റെ പരാജയത്തിന് കാരണമായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സി എന്‍ സുന്ദരന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് എന്നിവരോടും പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.
തൃക്കാക്കരയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സി.കെ മണിശങ്കര്‍, ഏരിയ സെക്രട്ടറി കെ ഡി വിന്‍സന്റ് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വ മോഹം ഡോ.ജെ ജേക്കബിന്റെ പരാജയത്തിന് കാരണമായെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ വിലയിരുത്തല്‍. കെ ഡി വിന്‍സന്റ് തനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ടായിരുന്നത് തുറന്നുസമ്മതിച്ചതായും അന്വേഷണ കമ്മിഷന് ചൂണ്ടിക്കാട്ടി.
അതേസമയം പിറവത്ത് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അന്വേഷണ കമ്മിഷന് നടത്തിയിരിക്കുന്നത്. പിറവത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ, താനാണ് സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ഷാജു ജേക്കബ് നടത്തിയെന്നാണ് ആരോപണം. സ്ഥാാനാര്ത്ഥിയുടെ വിജയത്തിനായി കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല എന്നും വിമര്‍ശനമുണ്ട്.