റവന്യൂ വകുപ്പിന്റെ വില്ലേജുകള്‍ മുതല്‍ ലാന്‍ഡ് റവന്യൂ ഡയറക്ടറേറ്റ് വരെയുള്ള സംവിധാനങ്ങള്‍ സ്മാര്‍ട്ട് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. ആലുവ വെസ്റ്റ് സ്മാര്‍ട്ട് വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മികച്ച കെട്ടിടവും സൗകര്യങ്ങളും അല്ല സ്മാര്‍ട്ടാകുന്നതിന്റെ അര്‍ത്ഥം. റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യമായി വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നാണ്. എല്ലാവര്ക്കും ഭൂമി എല്ലാവര്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള ലക്ഷ്യത്തിലാണ് സര്‍ക്കാര്‍.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം വകയിരുത്തിയാണ് ആധുനിക നിലവാരത്തോടെ വില്ലേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു . ബെന്നി ബഹനാന് എം.പി മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ആലുവ നഗരസഭ ചെയര്മാന് എം.ഒ. ജോണ്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്ത്, കരിമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യു നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.