എറണാകുളം : മുനമ്പത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേര് മരിച്ചു. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി ശരത്, മോഹനന് എന്നിവരുടെ മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്ന ആരോപണം ഫിഷറീസ് മന്ത്രി സജി ചെറിയാന് തള്ളി.നാല്പത് മണിക്കൂര്‍ നീണ്ട തിരച്ചിലിനോടുവിൽ രാവിലെയാണ് മാലിപ്പുറം ചാപ്പ കടപ്പുറത്തെ ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കടലിൽ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന് സമീപം അഴീക്കോട് തീരത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മൃതദേഹം. ഇവിടെ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയെങ്കിലും പിന്നീട് ഒഴുകിപോയി. നാല് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ ഉച്ചക്ക് മുനമ്പത്ത് നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ മോഹനന്റെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിട്ട് നൽകും. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയാണ് ആരോപിച്ചത്. മുനമ്പത്തിന് സമീപം ഏഴുപേര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. മാലിപ്പുറം ചാപ്പ കടപ്പുറത്തുനിന്നുള്ള ഷാജി, ആലപ്പുഴ പള്ളിപ്പാട് സ്വദേശി യേശുദാസ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. നാവികസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും പുറമെ മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചില്‍ തുടരുകയാണ്.